2009ന് ശേഷം ആദ്യമായി സിറിയ സന്ദർശിച്ച് ഐ.എം.എഫ്; ലക്ഷ്യം യുദ്ധാനന്തര സമ്പദ് വ്യവസ്ഥ പുനർനിർമ്മിക്കൽ

ഡമസ്കസ്: യുദ്ധം കലുഷിതമാക്കിയ സിറിയ സന്ദർശിച്ച് ഐ.എം.എഫ് (അന്താരാഷ്ട്ര നാണയ നിധി). 2009ന് ശേഷം ആദ്യമായാണ് ഐ.എം.എഫ് സിറിയയിലേക്ക് ഒരു സംഘത്തെ അയക്കുന്നത്. ദീർഘകാല ആഭ്യന്തര യുദ്ധത്തിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യത്തെ പുനർനിർമ്മിക്കാനുള്ള പദ്ധതികളുമായാണ് ഐ.എം.എഫ് സംഘം സിറിയയിൽ എത്തിയത്. ജൂൺ 1 മുതൽ 5 വരെയുള്ള തിയതികളിലാണ് സിറിയയിലെ ഡമസ്കസിൽ സംഘം സന്ദർശനം നടത്തിയതെന്ന് ഐ.എം.എഫ് സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പുനർനിർമിക്കാൻ ഐ.എം.എഫിന് എങ്ങനെ സഹായിക്കാനാകുമെന്നതിനെക്കുറിച്ച് സിറിയയിലെ പുതിയ സർക്കാരുമായി സംഘം ചർച്ച നടത്തി. 2011ൽ ആരംഭിച്ച ആഭ്യന്തരയുദ്ധം രാജ്യത്തുടനീളം വലിയ നാശനഷ്ടത്തിനും പട്ടിണിക്കും കാരണമായിട്ടുണ്ട്. വിമത സേനയുടെ പെട്ടെന്നുള്ള ആക്രമണത്തെ തുടർന്ന് സിറിയയുടെ മുൻ പ്രസിഡൻ്റ് ബഷർ അൽ-അസദിന് ഡിസംബറിൽ അധികാരത്തിൽ നിന്നും ഒഴിയേണ്ടിവന്നിരുന്നു.

'വർഷങ്ങളായി നീണ്ടുനിന്ന സംഘർഷത്തെ തുടർന്ന് സിറിയ വലിയ വെല്ലുവിളികൾ നേരിടുകയാണ്. അത് മനുഷ്യർക്ക് വലിയ ദുരിതങ്ങൾക്ക് കാരണമാവുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുകയും ചെയ്തതായി ഐ.എം.എഫ് ദൗത്യത്തിന് നേതൃത്വം നൽകിയ റോൺ വാൻ റൂഡൻ പറഞ്ഞു'. ഏകദേശം ആറ് ദശലക്ഷം ആളുകൾ സിറിയ വിട്ടുപോയതായും ഏഴ് ദശലക്ഷം പേർ രാജ്യത്തിനുള്ളിൽ നിന്ന് സ്വന്തം വീട് വിട്ട് വാടകക്ക് താമസിക്കാൻ നിർബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2009 യുദ്ധം ആരംഭിക്കുന്നതിന് മുമ്പാണ് ഐ.എം.എഫ് അവസാനമായി സിറിയ സന്ദർശിച്ചത്. ഇപ്പോൾ, സിറിയയുടെ പുതിയ സർക്കാർ ഐ.എം.എഫ്, ലോക ബാങ്ക് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സംഘടനകളുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. സിറിയ ലോക ബാങ്കിന് നൽകാനുള്ള 15 മില്യൺ ഡോളർ കടം ഏപ്രിലിൽ തിരിച്ചടയ്ക്കുമെന്ന് സൗദി അറേബ്യയും ഖത്തറും പ്രഖ്യാപിച്ചിരുന്നു. ഇത് ഐ.എം.എഫ്, ലോക ബാങ്ക് എന്നിവയിൽ നിന്ന് കൂടുതൽ ധനസഹായം സിറിയക്ക് ലഭിക്കാൻ കാരണമാകുമെന്ന് റോൺ വാൻ റൂഡൻ പറഞ്ഞു.

Tags:    
News Summary - IMF visits Syria for first time since 2009; aims to rebuild post-war economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.