വാഷിങ്ടൺ: ഇസ്രായേൽ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഡെമോക്രാറ്റ് പ്രതിനിധി ഇൽഹാൻ ഒമറിനെ യു.എസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയിൽനിന്ന് പുറത്താക്കി. 2020ൽ സഭയിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ളപ്പോൾ രണ്ട് റിപ്പബ്ലിക്കുകളെ പുറത്താക്കിയതിനുള്ള പ്രതികാരമാണെന്ന് ഡെമോക്രാറ്റുകളും ഇൽഹാൻ ഒമറും പ്രതികരിച്ചു. മുസ്‍ലിം സ്ത്രീയും അഭയാർഥിയുമായതിനാലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഇൽഹാൻ ഒമർ ആരോപിച്ചു. ‘‘ഞാനൊരു മുസ്‍ലിമാണ്. അഭയാർഥിയുമാണ്. ആഫ്രിക്കയിൽനിന്ന് കുടിയേറിയതുമാണ്. എന്നെ അവർ ലക്ഷ്യം വെക്കുന്നതിൽ എന്തെങ്കിലും അത്ഭുതം തോന്നുന്നുണ്ടോ? അമേരിക്കൻ വിദേശനയത്തെ കുറിച്ച് സംസാരിക്കാൻ ഞാൻ യോഗ്യയല്ലെന്ന് അവർ കരുതുന്നതിൽ ആശ്ചര്യപ്പെടുന്നുണ്ടോ?’’ ഇൽഹാൻ ചോദിച്ചു.
ഇസ്രായേലിന് യു.എസിൽനിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരിൽ 2019ൽ ഇൽഹാൻ ഒമർ മാപ്പുപറഞ്ഞിരുന്നു. 2019 മുതൽ യു.എസ് കോൺഗ്രസിൽ മിനിസോടയിൽനിന്നുള്ള ജനപ്രതിനിധിയാണ് സോമാലിയൻ വംശജയായ ഇൽഹാൻ ഒമർ. നവംബറിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ യു.എസ് പ്രതിനിധിസഭയിൽ റിപ്പബ്ലിക്കുകൾ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.