വാഷിങ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും യു.എസിലെ വിലക്കയറ്റത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്ന വിവാദ പ്രസ്താവനയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിൽ വിലക്കയറ്റ നിരക്ക് 4 ശതമാനത്തിലധികം ഉയർന്നതായി വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ്, താൻ "വിലക്കയറ്റത്തെ ഇഷ്ടപ്പെടുന്നു" എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ വിലനിലവാരം പഴയപടി താഴുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് മെയ് മാസത്തിൽ യു.എസിൽ രേഖപ്പെടുത്തിയത്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇത് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇത്തരമൊരു പരാമർശം നടത്തിയത്.
വിലക്കയറ്റവും ഇന്ധനച്ചെലവും കുറക്കുക എന്ന ലക്ഷ്യത്തോടെ യു.എസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ മറികടന്ന് ഹുർമുസ് കടലിടുക്കിലൂടെ രഹസ്യമായി ഓയിൽ ടാങ്കറുകൾ കടത്തിവിടാനുള്ള പദ്ധതിക്ക് താൻ അനുമതി നൽകിയിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഈ നീക്കം വൻ വിജയമായിരുന്നെന്നും അതിന്റെ സാമ്പത്തിക നേട്ടം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം അവസാനിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ താഴുമെന്നും ട്രംപ് അവകാശപ്പെട്ടു. ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതോടെയാണ് ആഗോളതലത്തിൽ ഇന്ധനം, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നത്.
വിലക്കയറ്റം തുടരുന്നത് യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നതിന് തടസ്സമായേക്കും. യു.എസ് ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക്, ജനങ്ങൾക്കിടയിലുള്ള വിലക്കയറ്റ വിരുദ്ധ വികാരം തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാണ്. കാരണം, വിലക്കയറ്റം കുറക്കുമെന്ന വാഗ്ദാനത്തിന്മേലാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയത്. എന്നാൽ നിലവിൽ ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ ജനപ്രീതിയാണ് സർവേകളിൽ രേഖപ്പെടുത്തുന്നത്.
അതേസമയം ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല. അതുകൊണ്ട് വരും ആഴ്ചകളിൽ എണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിൽ ഉടൻ ഒരു കരാറിലെത്തിയാൽ പോലും തടസ്സപ്പെട്ട വിതരണ ശൃംഖല പൂർവ്വസ്ഥിതിയിലാകാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. എന്നാൽ യുദ്ധം മൂലം അമേരിക്കൻ ജനത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തനിക്ക് വിഷയമല്ലെന്ന തരത്തിലാണ് ട്രംപിന്റെ പ്രതികരണം. "അമേരിക്കക്കാരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. ഞാൻ ആരെക്കുറിച്ചും ചിന്തിക്കുന്നില്ല, ഒരു കാര്യമേ എന്റെ മനസ്സിലുള്ളൂ; ഇറാന്റെ കൈകളിൽ ഒരു ആണവായുധം എത്താൻ നമ്മൾ അനുവദിക്കരുത്." ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.