കുടിവെള്ള സ്രോതസ്സുകൾ

ഇറാന് മേൽ വീണ്ടും യു.എസ് വ്യോമാക്രമണം; കുടിവെള്ള സ്രോതസ്സുകൾ തകർത്തു, ജനം ദുരിതത്തിൽ

തെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ തന്ത്രപ്രധാന നഗരങ്ങളിൽ അമേരിക്കൻ വ്യോമസേനയുടെ അതിശക്തമായ ആക്രമണം. ഹുർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ തെക്കൻ തീരദേശ നഗരങ്ങളായ സിരിക്, ജാസ്ക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രിയോടെ അമേരിക്ക കടുത്ത വ്യോമാക്രമണം നടത്തിയത്. യു.എസ് ആക്രമണത്തിൽ സിരിക് നഗരത്തിലെ രണ്ട് പ്രധാന കുടിവെള്ള സംഭരണികൾ പൂർണ്ണമായും തകർന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

കടുത്ത വേനൽ ചൂടിൽ വലയുന്ന മേഖലയിലെ ഇരുപതിനായിരത്തോളം വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ താറുമാറായി. ഒമാൻ തീരത്ത് വെച്ച് തങ്ങളുടെ 'അപ്പാച്ചെ' ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പകരമായാണ് ഈ ശക്തമായ തിരിച്ചടിയെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (CENTCOM) വിശദീകരണം. ഇറാന്‍റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐ.ആർ.ഐ.ബി (IRIB) പുറത്തുവിട്ട ദൃശ്യങ്ങൾ പ്രകാരം, ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബെമാനി ഡിസ്ട്രിക്റ്റിലുള്ള കുടിവെള്ള സംഭരണികളാണ് തകർന്നത്. 500 ക്യുബിക് മീറ്റർ, 2,000 ക്യുബിക് മീറ്റർ ശേഷിയുള്ള രണ്ട് കൂറ്റൻ ടാങ്കുകളാണ് ബോംബാക്രമണത്തിൽ തകർന്നത്.

താപനില 45 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നുനിൽക്കുന്ന കടുത്ത വേനൽക്കാലത്ത് കുടിവെള്ള സ്രോതസ്സ് തകർന്നത് പ്രാദേശിക ജനവിഭാഗങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയതായി പ്രാദേശിക വാട്ടർ കമ്പനി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭൂഗർഭ ജലലഭ്യത കുറഞ്ഞ ഈ മേഖലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടത് സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമാക്കിയിട്ടുണ്ട്. എന്നാൽ, ആക്രമണത്തിന് ശേഷം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ അറ്റകുറ്റപ്പണികൾക്കൊടുവിൽ കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ജനങ്ങളുടെ അതിജീവനത്തിന് ആവശ്യമായ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി. സുരക്ഷിതമായ കുടിവെള്ളം ഇല്ലാതാകുന്നത് ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്ടർ ഹനൻ ബൽഖി മുന്നറിയിപ്പ് നൽകി. ‘അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ അനുസരിച്ച് കുടിവെള്ള സംവിധാനങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാണ്. സിവിലിയൻ കേന്ദ്രങ്ങളെ യാതൊരു കാരണവശാലും ലക്ഷ്യം വെക്കരുത്’ ഹനൻ ബൽഖി എക്സിൽ കുറിച്ചു.

അതേസമയം, യു.എസ് സൈന്യം മനപൂർവമാണോ കുടിവെള്ള സംഭരണികളെ ലക്ഷ്യം വെച്ചത് എന്നതിൽ വ്യക്തതയില്ല. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം 'യുദ്ധക്കുറ്റത്തിന്റെ' പരിധിയിൽ വരാവുന്നതാണ്. ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാറുകൾ എന്നിവയാണ് തങ്ങൾ തകർത്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കൃത്യമായ ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയത്. രാജ്യാന്തര കപ്പൽ ചാലുകളിലെ സുരക്ഷ ഉറപ്പാക്കാനാണ് ഈ ആനുപാതികമായ തിരിച്ചടിയെന്നും സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Iran Water Reservoirs Attacked By US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.