ഒമാൻ തീരത്ത് കപ്പലിനുനേരെ യു.എസ് ആക്രമണം: കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട 'എം.ടി സെറ്റെബെല്ലോ' കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയതായും മൂന്ന് ഇന്ത്യക്കാരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. നിലവിൽ രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

പലാവു പതാകയേന്തിയ എം.ടി സെറ്റെബെല്ലോ എന്ന കപ്പൽ ഒമാൻ ഉൾക്കടലിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ഈ കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. യു.എസ് സൈന്യം നേരത്തെ ലക്ഷ്യമിട്ട മറ്റൊരു കപ്പലിൽ നിന്ന് വ്യത്യസ്തമായി, സെറ്റെബെല്ലോ അമേരിക്കയുടെ ഉപരോധ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

കപ്പലുമായുള്ള ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും അതിനാൽ വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കുന്നത് ബുദ്ധിമുട്ടാണെന്നും എഫ്.എസ്.യു.ഐ ജനറൽ സെക്രട്ടറി മനോജ് യാദവ് പറഞ്ഞു.

മരിച്ച മൂന്ന് നാവികരും ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശിലെ ഡിയോറിയ, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ളവരാണെന്ന് യാദവ് വ്യക്തമാക്കി. ഇതിനിടെ കപ്പലിലുണ്ടായിരുന്ന നാവികരുടെ ദേശീയതയെക്കുറിച്ച് യു.എസ് നാവികസേനക്ക് കൃത്യമായ വിവരമുണ്ടായിരുന്നുവെന്ന് മനോജ് യാദവ് ആരോപിച്ചു. തങ്ങളുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കപ്പൽ കസ്റ്റഡിയിലെടുക്കുക എന്ന പോംവഴി അമേരിക്കക്ക് സ്വീകരിക്കാമായിരുന്നുവെന്നും മനോജ് യാദവ് പറഞ്ഞു. 

ഇതിനിടെ സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഇന്ത്യ, ന്യൂഡൽഹിയിലെ മുതിർന്ന യു.എസ് നയതന്ത്രജ്ഞൻ ജേസൺ മീക്സിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. യു.എസ് അംബാസഡർ സെർജിയോ ഗോർ നിലവിൽ രാജ്യത്തില്ലാത്തതിനാലാണ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.

Tags:    
News Summary - US attack on ship near Hormuz: Two Indian sailors dead, chief engineer still missing after incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.