തെൽ അവീവ്: വൻ അവകാശവാദങ്ങളോടെ അമേരിക്കയും ഇസ്രായേലും ചേർന്ന് തുടക്കമിട്ട ഇറാൻ യുദ്ധം ഒടുവിൽ ലക്ഷ്യത്തിലെത്താതെ പൂജ്യത്തിലെത്തി നിൽക്കുന്നുവെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി യഹൂദ് ഓൾമെർട്ട്. ഇറാനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സഖ്യശക്തികളുടെ പ്രധാന ലക്ഷ്യങ്ങളൊന്നും തന്നെ ഇതുവരെ നേടാനായിട്ടില്ലെന്നും ഇറാന്റെ പ്രത്യാക്രമണ ശേഷി ഇപ്പോഴും ശക്തമായി തുടരുകയാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. അന്താരാഷ്ട്ര മാധ്യമമായ 'ദി നാഷണലിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഓൾമെർട്ടിന്റെ വെളിപ്പെടുത്തലുകൾ.
യുദ്ധം ആരംഭിച്ച് 100 ദിവസങ്ങൾ പിന്നിടുമ്പോഴും ഇറാന്റെ മിസൈൽ പ്രഹരശേഷിയും അവരുടെ സഖ്യശക്തികളും ശക്തമായി നിലകൊള്ളുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ യുദ്ധത്തിലേക്ക് ചാടിവീണ അമേരിക്കയും ഇസ്രായേലും ഇപ്പോൾ രണ്ടു തട്ടിലാണെന്നും ഓൾമെർട്ട് ചൂണ്ടിക്കാട്ടി.
ഇറാനിൽ ഭരണം അട്ടിമറിക്കുക എന്നതായിരുന്നു ഡോണൾഡ് ട്രംപിന്റെയും ബിന്യാമിൻ നെതന്യാഹുവിന്റെയും പ്രധാന ലക്ഷ്യം. തുടർന്ന് യുദ്ധത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെയും ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുതിർന്ന കമാൻഡർമാരെയും വധിക്കാൻ സഖ്യസേനക്ക് കഴിഞ്ഞിരുന്നു. എന്നാൽ, നേതൃത്വത്തെ തകർത്തതുകൊണ്ട് മാത്രം ഇറാനെ വീഴ്ത്താമെന്നത് അസ്ഥാനത്തെ പ്രതീക്ഷ മാത്രമായിരുന്നുവെന്ന് ഓൾമെർട്ട് പറയുന്നു. ഭരണകൂടത്തിന് ആഘാതമേറ്റെങ്കിലും അവരെ പൂർണമായി തകർക്കാൻ ഇസ്രായേലിനായിട്ടില്ല.
യുദ്ധം തുടങ്ങിയാൽ ഇറാൻ സ്വീകരിക്കുന്ന ആദ്യ നടപടി തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുക എന്നതായിരിക്കുമെന്ന് മുൻകൂട്ടി കാണാൻ പോലും ട്രംപിന് സാധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും മുൻ ഇസ്രായേൽ പ്രധാനമന്ത്രി വിമർശിച്ചു. ഹുർമുസ് അടച്ചതോടെ ആഗോള എണ്ണ വിപണിയും പ്രതിസന്ധിയിലായി. ഫിഫ ലോകകപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു യുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്നത് അമേരിക്കയെ അതീവ ദയനീയമായ അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. "ആശയക്കുഴപ്പങ്ങളുടെയും അപ്രായോഗികമായ പ്രതീക്ഷകളുടെയും ഫലമാണ് ഈ യുദ്ധം. നേതൃത്വത്തെ കൊന്നാൽ ഇറാന്റെ ഭരണം എളുപ്പത്തിൽ തകർക്കാമെന്ന് ട്രംപിനെ വിശ്വസിപ്പിച്ചത് നെതന്യാഹുവാണോ, അതോ ട്രംപിന്റെ അറിവില്ലായ്മയാണോ ഇതിന് കാരണം എന്ന് വ്യക്തമല്ല." - യഹൂദ് ഓൾമെർട്ട്
ഇറാൻ യുദ്ധത്തിൽ നിന്ന് എങ്ങനെയെങ്കിലും തലയൂരാനാണ് നിലവിൽ ട്രംപ് ശ്രമിക്കുന്നത്. ഇസ്രായേലിന്റെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും യുദ്ധം അവസാനിപ്പിക്കുമെന്ന സൂചന ട്രംപ് നൽകിക്കഴിഞ്ഞു. 2015ലെ ആണവ കരാറിന് സമാനമായ ഒരു ഒത്തുതീർപ്പിന് വഴങ്ങുകയല്ലാതെ നെതന്യാഹുവിന് മുന്നിൽ മറ്റ് വഴികളില്ലെന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.
സമാധാന കരാറിന്റെ ഭാഗമായി ലബനാനെയും ഉൾപ്പെടുത്തണമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ലബനാനിലെ ഹിസ്ബുല്ല ഘടകങ്ങൾക്കെതിരെ പോരാടാൻ തങ്ങൾക്ക് 'അവകാശമുണ്ട്' എന്ന നിലപാടിൽ ഇസ്രായേൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഒരു വശത്ത് പൂർണമായ യുദ്ധവും മറു വശത്ത് അടിയന്തര സമാധാന ചർച്ചകളും മാറിമറിയുന്ന നിലവിലെ സാഹചര്യത്തിൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വിഷയത്തിൽ "മടുപ്പ്" പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ ഫിഫ ലോകകപ്പ്, ക്യൂബൻ പ്രശ്നങ്ങൾ എന്നിവയിലേക്കാണ് ട്രംപിന്റെ ശ്രദ്ധയെന്നും ഓൾമെർട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ ഇറാനാണ് മേൽക്കൈ. ഇറാനു അനുകൂലവും ഇസ്രായേലിന് വൻ തിരിച്ചടിയുമാകുന്ന ഒരു മിനിമം കരാറിലൂടെ ട്രംപ് യുദ്ധത്തിൽ നിന്ന് പിന്മാറാനാണ് സാധ്യത.
നെതന്യാഹുവിന്റെ ധിക്കാരപരമായ നയങ്ങൾ കാരണം അമേരിക്കയിലുണ്ടായിരുന്ന ചരിത്രപരമായ പിന്തുണ ഇസ്രായേലിന് നഷ്ടപ്പെടുകയാണെന്ന് ഓൾമെർട്ട് മുന്നറിയിപ്പ് നൽകുന്നു. നേരത്തെ ഗസ്സ യുദ്ധകാലത്ത് ജോ ബൈഡൻ നൽകിയ പിന്തുണയെ നെതന്യാഹു വിലമതിച്ചില്ലെന്ന് മാത്രമല്ല, ബൈഡനെ ഇസ്രായേലിന്റെ ശത്രുവായി ചിത്രീകരിക്കാനും ശ്രമിച്ചു. നെതന്യാഹുവിന്റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ മന്ത്രി ഇതാമർ ബെൻ-ഗ്വിർ ‘ഹമാസിന് ബൈഡനോട് പ്രണയം’ എന്ന് പരസ്യമായി പരിഹസിക്കുകയും ചെയ്തിരുന്നു.
ഇതോടെ ഡെമോക്രാറ്റുകൾക്ക് നെതന്യാഹുവിനോട് കടുത്ത അമർഷമാണുള്ളത്. ട്രംപോ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസോ ഇസ്രായേലിനെ കൈവിട്ടാൽ അമേരിക്കയിൽ നെതന്യാഹുവിനെ പിന്തുണക്കാൻ ഇനി ഒരാൾ പോലും ഉണ്ടാകില്ലെന്നും ഓൾമെർട്ട് കൂട്ടിച്ചേർത്തു. വൻശക്തികളുടെ ആക്രമണത്തെ അതിജീവിച്ച് നിലകൊള്ളുന്നതിലൂടെ തങ്ങളുടെ അതിജീവനത്തെ ഒരു വലിയ വിജയമായി ഉയർത്തിക്കാട്ടാനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.