മയക്കുമരുന്ന് ഉപയോഗം നിഷേധിച്ച് ഇലോൺ മസ്ക്: ‘കെറ്റാമിൻ കഥ’യുടെ മാധ്യമ റിപ്പോർട്ടിന് വിമർശനവും

വാഷിംങ്ടൺ: 2024ൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ കെറ്റാമിൻ അടക്കമുള്ള മയക്കുമരുന്നുകൾ വ്യാപകമായി ഉപയോഗിച്ചുവെന്ന റിപ്പോർട്ട് നിഷേധിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്.  ട്രംപ് ഭരണകൂടത്തിൽ കാര്യക്ഷമതാ വകുപ്പിന്റെ തലവനായി (ഡോജ്) സേവനമനുഷ്ഠിച്ചിരുന്ന മസ്‌ക് കഴിഞ്ഞ മാസം ആ ദൗത്യത്തിൽ നിന്ന് പിൻമാറിയിരുന്നു.

വീര്യം കൂടിയ മയക്കുമരുന്നായ ‘കെറ്റാമിൻ’ അമിതമായി ഉപയോഗിച്ചതായും അത് മൂലം അദ്ദേഹത്തിന് മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടായതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പ്രതികരണം. ‘വ്യക്തമായി പറഞ്ഞാൽ ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല!’ എക്‌സിൽ പങ്കിട്ട പോസ്റ്റിൽ ന്യൂയോർക്ക് ടൈംസിനെ കുറ്റപ്പെടുത്തിക്കൊണ്ട് മസ്‌ക് പറഞ്ഞു.

‘കുറച്ച് വർഷങ്ങൾക്കു മുമ്പ് ഞാൻ മെഡിക്കൽ കുറിപ്പടി വഴി കെറ്റാമിൻ പരീക്ഷിച്ചിരുന്നു. അതിനാൽ തന്നെ ഇപ്പോൾ അത് വാർത്ത പോലുമല്ല. ഇരുണ്ട മാനസികാവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ അത് സഹായിച്ചു. പക്ഷേ, അതിനുശേഷം ഇതുവരെ കഴിച്ചിട്ടില്ല’ -മസ്ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മസ്‌ക് കെറ്റാമിന്‍, എക്‌സ്റ്റസി, സൈക്കഡെലിക് മഷ്‌റൂമുകള്‍ എന്നിവ പതിവായി കഴിച്ചിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ വിവരം. ഗുളികയുടെ ഒരു പെട്ടി കൈവശം വച്ചിരുന്നുവെന്നും അവർ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ജനുവരിയിൽ ട്രംപ് അധികാരമേറ്റതിനുശേഷം ‘ഡോജി’ന്റെ തലവനായിരിക്കെ ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണത്തെ ആഘോഷിക്കുന്ന ജനുവരിയിലെ റാലിയിൽ വിവാദമായ നാസി ശൈലിയിലുള്ള സല്യൂട്ട് ഉൾപ്പെടെയുള്ള മസ്‌കിന്റെ പെരുമാറ്റത്തിന്റെ ചരിത്രവും ന്യൂയോർക്ക് ടൈംസ് ഉദ്ധരിച്ചു.

‘ഡോജ്’ മേധാവിയായി ഔദ്യോഗികമായി അവസാന ദിവസം ഓവൽ ഓഫിസിൽ ട്രംപിനൊപ്പം സംയുക്ത പത്രസമ്മേളനത്തിൽ കരുവാളിച്ച ക​ണ്ണോടെ കാണപ്പെട്ടതിനെത്തുടർന്നാണ് ടെസ്‌ല സി.ഇ.ഒയെ ചുറ്റിപ്പറ്റിയുള്ള മയക്കുമരുന്ന് അഭ്യൂഹങ്ങൾ ആരംഭിച്ചത്. ഇളയ മകനായ എക്സിനെ തന്റെ മുഖത്ത് തമാശയായി അടിക്കാൻ പ്രോത്സാഹിപ്പിച്ചതിൽ നിന്നാണ് പരിക്ക് സംഭവിച്ചതെന്നും കുട്ടി അങ്ങനെ ചെയ്തെന്നുമായിരുന്നു ഇതിനോടുള്ള മസ്‌കിന്റെ പ്രതികരണം. പക്ഷേ, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ‘നമുക്ക് മുന്നോട്ട് പോകാം’ എന്ന് പറയുകയും ചെയ്തു.

പിന്നീട് മസ്‌കിന്റെ പതിവ് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അറിയാമോ എന്ന് ഒരു മാധ്യമ റിപ്പോർട്ടർ ഡോണാൾഡ് ട്രംപിനോട് ചോദിച്ചപ്പോൾ, താൻ അങ്ങനെ കരുതുന്നില്ലെന്നും ഇലോൺ ഒരു അത്ഭുതകരമായ വ്യക്തിയാണെന്ന് കരുതുന്നുവെന്നുമായിരുന്നു ട്രംപിന്റെ മറുപടി. വിഷാദരോഗത്തിന് ചികിത്സിക്കാൻ മെഡിക്കൽ മേൽനോട്ടത്തിൽ കെറ്റാമിൻ കഴിച്ചതായി മസ്‌ക് മുമ്പ് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല, അത് തന്റെ സർഗാത്മകതയെയും പ്രകടനത്തെയും നല്ല രീതിയിൽ സ്വാധീനിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുവെന്നും ട്രംപ് വിശദീകരിച്ചു.

Tags:    
News Summary - 'I am not taking drugs': Elon Musk shrugs off ketamine story, slams media report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.