ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയെ ബെയ്റൂത്ത് ദാഹിയയിലുള്ള ഭൂഗർഭ ബങ്കറിൽ ബോംബിട്ടും ഹമാസിന്‍റെ ഇസ്മായിൽ ഹനിയ്യയെ തെഹ്റാനിലെ മിലിറ്ററി കോംപൗണ്ടിലുള്ള ഗസ്റ്റ് ഹൗസിൽ വെച്ചും വധിക്കാൻ കഴിഞ്ഞ ഇസ്രായേലിന് ഖത്തറിൽ പിഴച്ചതെവിടെയാണ്? ആഴ്ചകളുടെ ആസൂത്രണത്തിനും മണിക്കൂറുകൾ നീണ്ട ദൗത്യത്തിനുമൊടുവിൽ ദോഹയിലേക്ക് പറന്നുവന്ന ഇസ്രായേലി ജെറ്റുകൾക്ക് ലക്ഷ്യം കാണാനാകാതെ മടങ്ങേണ്ടിവന്നത് ഹമാസിന്‍റെ തീർത്തും സാധാരണമായ, പതിവ് മുൻകരുതൽ നടപടിക്രമങ്ങൾ കൊണ്ടു മാത്രമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന ഓപറേഷന് ശേഷം ജെറ്റുകൾ അറേബ്യൻ ഗൾഫ് വിട്ട് രാജ്യത്തേക്ക് മടങ്ങിയെത്തുന്നതുവരെയും ഹമാസ് നേതൃത്വം മുഴുവൻ കൊല്ലപ്പെട്ടുവെന്ന പ്രതീക്ഷയിലായിരുന്നു ഇസ്രായേൽ. ആദ്യഘട്ടത്തിലുള്ള പ്രതികരണങ്ങൾ ഈ ധാരണ സൃഷ്ടിച്ച അത്യാവേശത്തോട് കൂടിയതുമായിരുന്നു. ‘‘നമ്മുടെ ശത്രുക്കളെ അട്ടിമറിക്കുന്നതിനുള്ള അത്യസാധാരണമായ ഓപറേഷൻ’’ നടത്തിയ ഇസ്രായേലി എയർ ഫോഴ്സിനെയും ചാര സംവിധാനമായ ഷിൻ ബെത്തിനെയും അഭിനന്ദിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് യായിർ ലാപിഡിന്‍റെ ക്ഷിപ്ര പ്രതികരണം. സംഭവം കരുതിയതുപോലെ അല്ല എന്ന് തിരിച്ചറിഞ്ഞതോടെ ഈ പോസ്റ്റ് അദ്ദേഹം തിരുത്തി.
ദോഹ താരതമ്യേനെ സുരക്ഷിതമാണെന്ന ധാരണയിലായിരുന്നു ഹമാസെങ്കിലും നേതാക്കളുടെ സുരക്ഷയിലും അവരുടെ യോഗങ്ങളുടെ ക്രമീകരണങ്ങളിലും ചില പതിവ് ചിട്ടവട്ടങ്ങൾ അവർക്കുണ്ട്. എവിടെയാണെങ്കിലും ആ പ്രോട്ടോകോളുകൾ പാലിക്കാറുമുണ്ട്. അത്തരം സ്വാഭാവികമായ ചില നീക്കങ്ങളാണ് കൂട്ടത്തോടെയുള്ള ഉന്മൂലനത്തിൽനിന്ന് ഹമാസ് നേതൃത്വത്തെ രക്ഷിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ വരുന്നത്. യോഗത്തിൽ സംബന്ധിക്കേണ്ട മുഴുവൻ പേരും നിശ്ചിത സ്ഥലത്ത് ഒത്തുകൂടിയ ശേഷം യോഗത്തിന് തൊട്ടുമുമ്പ് മറ്റൊരിടത്തേക്ക് മാറുകയാണ് പതിവ്. ആ രീതിയിൽ ഇപ്പോൾ ആക്രമണം സംഭവിച്ച ദോഹയിലെ കെട്ടിടത്തിൽ ഒത്തുകൂടിയ നേതാക്കൾ തൊട്ടടുത്ത കെട്ടിടത്തിലേക്ക് പെട്ടന്ന് തന്നെ മാറി. ഒപ്പം മൊബൈൽ ഫോണുകളും ഒഴിവാക്കി. യഥാർഥത്തിൽ ഇസ്രായേൽ ആക്രമിച്ച കെട്ടിടത്തിന് തൊട്ടരികെ തന്നെ ഹമാസ് നേതാക്കൾ ഉണ്ടായിരുന്നു. സമയവും കൃത്യമായിരുന്നു. രണ്ടുകെട്ടിടത്തിനും ഇടക്കും ആദ്യത്തെ കെട്ടിടത്തിലും ഉണ്ടായിരുന്ന ഹമാസ് പ്രവർത്തകരാണ് മരിച്ചത്.
ഇക്കാര്യം വൈകാതെ തന്നെ ഇസ്രായേലിന് മനസിലായെങ്കിലും മുതിർന്ന ഒന്നോ രണ്ടോ പേരെങ്കിലും മരിച്ചിരിക്കാമെന്ന പ്രതീക്ഷ അടുത്ത പകൽ വരെയും അവർ പുലർത്തിയിരുന്നു. വ്യാഴം വൈകുന്നേരത്തോടെ അതും അസ്ഥാനത്തായി. പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ ഓപറേഷന് സാധിച്ചില്ലെന്ന സൂചന ഇസ്രായേലി കാബിനറ്റ് മന്ത്രിമാർക്ക് ഔദ്യോഗികമായി ലഭിച്ചു. ഹമാസ് നേതാക്കൾ അവസാന നിമിഷം ഇടം മാറിയതാണോ, അതോ ലക്ഷ്യം നേടാൻ പ്രാപ്തമായ അത്രയും സ്ഫോടകവസ്തുക്കൾ പ്രയോഗിക്കുന്നതിൽ വന്ന പിഴവാണോ എന്ന് പരിശോധിക്കുകയാണിപ്പോൾ.
പ്രമുഖ നേതാക്കളാരും കൊല്ലപ്പെട്ടില്ലെങ്കിലും ഒന്നുരണ്ടുപേർക്ക് പരിക്കേറ്റുവെന്ന റിപ്പോർട്ടുകളിൽ പ്രതീക്ഷ വെക്കുകയാണ് ഇസ്രായേൽ ഇപ്പോഴും. ദോഹയിൽ നടന്ന മരിച്ചവരുടെ ഖബറടക്ക ചടങ്ങുകളിൽ ഹമാസിന്‍റെ പ്രധാന നേതാക്കളുടെ അഭാവത്തെയാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.