ഇറാനെ നിരീക്ഷിക്കാൻ അസർബൈജാനിൽ ഇസ്രായേൽ രഹസ്യ ശൃംഖല സ്ഥാപിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: ഇറാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രായേൽ അസർബൈജാൻ അതിർത്തിയിൽ രഹസ്യ സൈനിക ശൃംഖല സ്ഥാപിച്ചതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ ആണ് വാർത്ത പുറത്തുവിട്ടത്. ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സ്, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഉദ്യോഗസ്ഥർ, ഡ്രോൺ യൂണിറ്റുകൾ എന്നിവരെ ഇറാന്റെ വടക്കൻ അതിർത്തിക്ക് സമീപം അസർബൈജാനിൽ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാനിലെ തബ്രിസ് നഗരത്തിൽ നിന്ന് വെറും 97 കിലോമീറ്റർ അകലെയുള്ള ദക്ഷിണ അസർബൈജാനിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് നിരീക്ഷണ സംഘം താവളമടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ ലക്ഷ്യമിട്ടുള്ള മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിനും ഇറാന്റെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമായി മാസങ്ങൾക്ക് മുമ്പുതന്നെ ഇവിടെ അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.അസർബൈജാൻ കൂടാതെ ഇറാഖ്, യു.എ.ഇ, സോമാലിലാന്റ് എന്നിവിടങ്ങളിലും ഇസ്രായേൽ ഇത്തരത്തിൽ സൈനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, ഈ ആരോപണങ്ങൾ അസർബൈജാൻ പൂർണമായും തള്ളി. തങ്ങളുടെ ഭൂപ്രദേശം മൂന്നാമതൊരു രാജ്യത്തിനെതിരായ നീക്കങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യു.എസിലെ അസർബൈജാൻ എംബസി വ്യക്തമാക്കി. ഇറാഖും യു.എ.ഇയും തങ്ങളുടെ രാജ്യങ്ങളിൽ അനധികൃതമായി ഇസ്രായേൽ സൈനിക താവളങ്ങളോ സേനയോ ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇറാന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് അതിർത്തികളെ വലയംചെയ്യുന്ന രീതിയിലുള്ള ഒരു ശൃംഖലയാണ് ഇതിലൂടെ ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇയിൽ ഇസ്രായേൽ 'അയൺ ഡോം' വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.അസർബൈജാനിൽ സംഘർഷം ആരംഭിക്കുന്നതിന് മാസങ്ങൾക്കു മുമ്പ് തന്നെ ഇസ്രായേൽ നിരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - Israel built secret network at Azerbaijan border to closely monitor Iran during war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.