ഗസ്സ: നീരായൂധീകരണത്തിന്റെ ഭാഗമായി ആയുധങ്ങൾ അടിയറവ് വെക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി ഹമാസ്. തങ്ങളുടെ സൈനിക ആയുധശേഖരത്തിന്റെ ഭാവി മറ്റ് ഫലസ്തീൻ സംഘടനകളുമായി നടത്തുന്ന സമഗ്രമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ഹമാസ് പ്രഖ്യാപിച്ചു. ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹമാസിന്റെ നിലപാടുകൾ രാഷ്ട്രീയ ബ്യൂറോ അംഗമായ ഹുസാം ബദ്‌റാൻ അൽ ജസീറക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചു.
ഗസ്സയുടെ ഭരണച്ചുമതലക്കായി രൂപീകരിക്കുന്ന 'നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സ' അധികാരം ഏറ്റെടുക്കുമ്പോൾ ഫലസ്തീൻ പൊലീസിന്റെ ആയുധങ്ങൾ അല്ലാതെ മറ്റൊരു ആയുധവും ഗസ്സയിലെ തെരുവുകളിൽ ദൃശ്യമാകില്ലെന്ന് ഹുസാം ബദ്‌റാൻ പറഞ്ഞു. മുമ്പ് ഗസ്സയിൽ പതിവായി കണ്ടിരുന്ന തരത്തിലുള്ള സായുധ പ്രകടനങ്ങൾ ഇനി ഉണ്ടാകില്ലെന്നും എന്നാൽ ഇത് ആയുധങ്ങൾ പൂർണ്ണമായി കൈമാറലോ കീഴടങ്ങലോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധങ്ങൾ പൊതുമധ്യത്തിൽ പ്രദർശിപ്പിക്കില്ല എന്ന് മാത്രമാണ് ഇതിനർത്ഥമെന്നും ഇതിന്റെ വിശദാംശങ്ങൾ ദേശീയ തലത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാരാന്ത്യത്തിൽ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ പുനരാരംഭിക്കാനിരിക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കാൻ ഹമാസ് പ്രതിനിധി സംഘം തയാറെടുക്കുന്നതിനിടെയാണ് പ്രസ്താവന. തങ്ങളുടെ സൈനിക കമാൻഡർമാരായ ഇസ് അൽ-ദിൻ അൽ-ഹദ്ദാദ്, മുഹമ്മദ് ഉദേ എന്നിവരെ ഇസ്രായേൽ വധിച്ചതിൽ പ്രതിഷേധിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത് ഹമാസ് താൽക്കാലികമായി വൈകിപ്പിച്ചിരുന്നു.
2025 ഒക്ടോബറിൽ അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ പദ്ധതിയിലെ ഏറ്റവും വലിയ തർക്കവിഷയങ്ങൾ ഹമാസിന്റെ നിരായുധീകരണവും ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണ്.എന്നാൽ നിരന്തരം വെടിനിർത്തൽ ലംഘിച്ച് കൊണ്ട് ഇസ്രായേൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ആക്രണമം ഗസ്സയിൽ ദിവസവും നടന്നു കൊണ്ടിരിക്കുകയാണ്.
കെയ്‌റോയിൽ നടക്കുന്ന യോഗത്തിൽ ഹമാസ്, ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ, ഡെമോക്രാറ്റിക് റിഫോം കറന്റ് ഉൾപ്പെടെ എട്ട് പ്രമുഖ ഫലസ്തീൻ സംഘടനകൾ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.
എന്നാൽ കരാറിന്റെ ഒന്നാം ഘട്ടത്തിലെ ബാധ്യതകളുടെ മുപ്പത് ശതമാനം പോലും നടപ്പാക്കാൻ ഇസ്രായേൽ തയാറായിട്ടില്ലെന്നും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിലും ഇസ്രായേൽ പരാജയപ്പെട്ടുവെന്നും ഹമാസ് പറഞ്ഞു. കരാർ പ്രകാരം പ്രതിദിനം 600 സഹായ ട്രക്കുകൾ പ്രവേശിപ്പിക്കേണ്ട സ്ഥാനത്ത് 150 നും 250 നും ഇടയിൽ ട്രക്കുകൾ മാത്രമാണ് നിലവിൽ ഗസ്സയിലേക്ക് കടത്തിവിടുന്നത്.
ഇതേസമയം, കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ സായുധ സംഘടനകൾ ആയുധങ്ങൾ താഴെവെക്കണമെന്നാണ് ഇസ്രായേലും ട്രംപിന്റെ പീസ് ബോർഡിലെ ഗസ്സ പ്രതിനിധി നിക്കോളായ് മ്ലാഡെനോവും ആവശ്യപ്പെടുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ മ്ലാഡെനോവ് 15 ഇന കർമ്മപദ്ധതി ഐക്യരാഷ്ട്രസഭാ രക്ഷാസമിതിക്ക് മുന്നിൽ സമർപ്പിച്ചു.
ഇതനുസരിച്ച് പലസ്തീൻ സായുധസംഘങ്ങൾ തങ്ങളുടെ ആയുധങ്ങൾ ഇസ്രായേലിന് കൈമാറേണ്ടതില്ലെന്നും, പകരം ഘട്ടങ്ങളായി നാഷണൽ കമ്മിറ്റിക്ക് കൈമാറിയാൽ മതിയെന്നും വ്യക്തമാക്കുന്നുണ്ട്. ആയുധങ്ങൾ കൈമാറുന്നതിന് അനുസൃതമായി ഇസ്രായേൽ സൈന്യം ഗസ്സയുടെ അതിർത്തികളിലേക്ക് പിന്മാറുമെന്നും അവിടെ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുമെന്നും പദ്ധതിയിൽ പറയുന്നുണ്ട്. ആയുധങ്ങൾ താഴെവെച്ചില്ലെങ്കിൽ ഗസ്സയുടെ പുനർനിർമാണത്തിനുള്ള സാമ്പത്തിക സഹായം ലഭിക്കില്ലെന്നും മ്ലാഡെനോവ് മുന്നറിയിപ്പ് നൽകി.
എന്നാൽ ഈ 15 ഇന നിർദേശം ഇസ്രായേലിന് അധിനിവേശം ശക്തമാക്കാനും സമയം നീട്ടിക്കിട്ടാനുമുള്ള തന്ത്രം മാത്രമാണെന്ന് ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടയിലും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കായി ഗസ്സയിലെ തങ്ങളുടെ നിയന്ത്രണം 60 ശതമാനത്തിൽ നിന്ന് 70 ശതമാനത്തിലേക്കും അതിൽക്കൂടുതലായോ വ്യാപിപ്പിക്കുകയാണെന്ന് ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനായ വിസാം അഫീഫ പറഞ്ഞു.
ഗസ്സയിലെ ഭരണം കെയ്‌റോ കേന്ദ്രമായുള്ള നാഷണൽ കമ്മിറ്റിക്ക് കൈമാറാൻ തങ്ങൾ തയാറാണെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം വ്യക്തമാക്കിയെങ്കിലും, ഇസ്രായേലിന്റെ സമ്മർദ്ദങ്ങൾ കാരണം ഈ കമ്മിറ്റിക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാഷ്ട്രീയ ചർച്ചകൾ നീണ്ടുപോകുമ്പോഴും ഗസ്സയിലെ മരണസംഖ്യ ഉയരുകയാണ്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം മാത്രം ഉണ്ടായ ഇസ്രായേൽ ആക്രമണങ്ങളിൽ 933 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2868 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ 2023 ഒക്ടോബറിന് ശേഷം കൊല്ലപ്പെട്ട പലസ്തീനികളുടെ ആകെ എണ്ണം 72,942 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.