വാഷിങ്ടൺ: നിലവിലുള്ള വെടിനിർത്തൽ ധാരണകൾ നിലനിൽക്കെ മിഡിൽ ഈസ്റ്റിൽ വീണ്ടും കടുത്ത സൈനിക നീക്കങ്ങളുമായി അമേരിക്കയും ഇറാനും. ഹുർമുസ് കടലിടുക്കിന് സമീപമുള്ള അന്താരാഷ്ട്ര കപ്പൽപ്പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും അമേരിക്കൻ സൈന്യം തടഞ്ഞതായും തുടർന്ന് ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് തിരിച്ചടിച്ചതായും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹുർമുസ് കടലിടുക്ക് ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നാല് അത്യാധുനിക ഡ്രോണുകൾ യു.എസ് സൈന്യം വെടിവെച്ചിട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാൻ തിരിച്ചടി നടത്തിയത്. കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷത്തിനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഇറാൻ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും യു.എസ് കുറ്റപ്പെടുത്തി.
ഹുർമുസ് കടലിടുക്കിന് നേരെ വന്ന ഇറാന്റെ നാല് ഡ്രോണുകൾ തകർത്തതിന് പിന്നാലെ ഇറാനിലെ ഗോരുക്, ഖ്വഷാം ദ്വീപ് എന്നിവിടങ്ങളിലെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തുകയായിരുന്നു. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഈ പുതിയ സൈനിക ഏറ്റുമുട്ടൽ മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.