ലണ്ടൻ: ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ലണ്ടനിലെ പൊതുപരിപാടിക്കിടെ പ്രതിഷേധം. “ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവും” എന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസ് നടത്തിയ പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് സദസ്സിൽ നിന്ന് പ്രതിഷേധം ഉയർന്നത്. ജൂൺ നാലിന് നടന്ന ഈ സംഭവത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായി അപലപിച്ചു.
ഇന്ത്യയിലെ ജനാധിപത്യ തകർച്ചയെക്കുറിച്ചും വിയോജിപ്പുകളോടുള്ള ഭരണകൂടത്തിന്റെ വർധിച്ചുവരുന്ന ശത്രുതയെക്കുറിച്ചും ചോദ്യോത്തര വേളയിൽ ഒരാൾ ചീഫ് ജസ്റ്റിസിനോട് ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. "ഇന്ത്യക്കകത്തുള്ള നിയമ നിരീക്ഷകരിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നും രാജ്യത്തെ വിയോജിപ്പുകളോടുള്ള ശത്രുതയെക്കുറിച്ച് വലിയ ആശങ്കകൾ ഉയരുന്നതായി ഞങ്ങൾ കേൾക്കുന്നുണ്ട്. ഈ ശത്രുത അങ്ങയുടെ പ്രസംഗത്തിലും ഒരു പരിധിവരെ പ്രതിഫലിക്കുന്നുണ്ട്." ഓൺലൈനിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ ഒരാൾ ചീഫ് ജസ്റ്റിസിനോട് ചോദിക്കുന്നത് കാണാം.
മെയ് 15-ന് ഇന്ത്യയിൽ വെച്ച് തൊഴിൽരഹിതരായ യുവാക്കളെ 'പാറ്റകൾ' എന്ന് ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചതിനെക്കുറിച്ചും സദസ്സിൽ നിന്ന് ചോദ്യമുയർന്നു. എന്നാൽ വിഷയത്തിൽ നിന്ന് മാറിയുള്ള ചോദ്യങ്ങൾ ഉയർന്നതോടെ പരിപാടിയുടെ മോഡറേറ്റർ ഇടപെട്ട് ചോദ്യങ്ങൾ തടയുകയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും അന്താരാഷ്ട്ര നിയമത്തെക്കുറിച്ചുമുള്ളതാണ് ഇന്നത്തെ ചർച്ചയെന്നും അതിനാൽ ഈ ചോദ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും മോഡറേറ്റർ വ്യക്തമാക്കി. ഇതോടെ സദസ്സിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചിലർ എഴുന്നേറ്റു നിന്ന് ഉച്ചത്തിൽ സംസാരിക്കാനും തുടങ്ങി. തുടർന്ന് സംഘാടകർ ഇടപെട്ട് സദസ്സിലുള്ളവരോട് ശാന്തരാകാൻ അഭ്യർത്ഥിക്കുകയായിരുന്നു.
ലണ്ടനിലെ പരിപാടിക്കിടെയുണ്ടായ തടസ്സപ്പെടുത്തലുകളെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായി അപലപിച്ചു. പ്രഭാഷണത്തിന് ശേഷം വളരെ സജീവമായ ചർച്ചയാണ് നടന്നിരുന്നതെന്നും എന്നാൽ ഒരു വ്യക്തി പരിപാടി തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ഹൈക്കമ്മീഷൻ പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്ന പദവിയുടെ അന്തസ്സിനെ കെടുത്തുന്നതും അക്കാദമിക്-നിയമ വേദികളുടെ വിശുദ്ധി ലംഘിക്കുന്നതുമാണ് പ്രതിഷേധക്കാരുടെ പെരുമാറ്റമെന്നും ഹൈക്കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "ഇത്തരം മര്യാദകേടുകൾ നിറഞ്ഞ പെരുമാറ്റങ്ങൾ പൊതുവേദികളിൽ അംഗീകരിക്കാൻ കഴിയില്ല. അഭിപ്രായവ്യത്യാസങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാൽ അവ പ്രകടിപ്പിക്കേണ്ടത് സഭ്യവും മാന്യവുമായ രീതിയിലായിരിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
മേയ് 15-ന് സുപ്രീം കോടതിയിൽ ഒരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നടത്തിയ വാക്കാലുള്ള പരാമർശമാണ് യു.കെയിലും പ്രതിഷേധത്തിന് കാരണമായത്. തൊഴിൽരഹിതരായ യുവാക്കൾ "പാറ്റകളെപ്പോലെ" സമൂഹത്തിൽ "പരാദങ്ങൾ" ആയി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. എന്നാൽ, വ്യാജ ബിരുദങ്ങൾ സമ്പാദിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഉദ്ദേശിച്ചാണ് താൻ അങ്ങനെ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തത വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.