പാരിസ്: കഴിഞ്ഞ മാസം ഗസ്സയിലേക്ക് പുറപ്പെട്ട അന്താരാഷ്ട്ര സഹായക്കപ്പൽ തടഞ്ഞ് സമാധാന പ്രവർത്തകരെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇസ്രായേലിനെതിരെ ഫ്രാൻസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശയെ തുടർന്ന് ഫ്രാൻസിലെ ഭീകരവിരുദ്ധ പ്രൊസിക്യൂട്ടർമാരാണ് ഇസ്രായേലിന്റെ നടപടികൾക്കെതിരെ പീഡനം, യുദ്ധക്കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തി പ്രാഥമിക അന്വേഷണം തുടങ്ങിയത്.
'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല' എന്ന പേരിൽ ഗസ്സയിലേക്ക് പോയ സഹായക്കപ്പലിലെ സമാധാന പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സമയത്ത് ഇസ്രായേൽ സൈന്യം അതിക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാക്കിയെന്നാണ് ഫ്രഞ്ച് നയതന്ത്ര കാര്യാലയത്തിന് ലഭിച്ച പരാതി.
മേയ് 18-നാണ് ഗസ്സക്ക് മേലുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധ ഉപരോധം ലംഘിച്ച് സഹായ സാമഗ്രികളുമായി നീങ്ങിയ കപ്പൽ രാജ്യാന്തര സമുദ്ര അതിർത്തിയിൽ വെച്ച് ഇസ്രായേൽ സൈന്യം തടഞ്ഞത്. ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും കൂട്ടശിക്ഷയായി പ്രഖ്യാപിച്ച ഇസ്രായേൽ ഉപരോധത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച 40 രാജ്യങ്ങളിൽ നിന്നുള്ള 430-ഓളം പ്രവർത്തകരെയാണ് അന്ന് ഇസ്രായേൽ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്.
കൈകൾ ബന്ധിച്ച് തലകുത്തി നിലത്ത് കിടക്കുന്ന നിലയിലായിരുന്ന സമാധാന പ്രവർത്തകരെ പരിഹസിച്ചുകൊണ്ട് ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ വിഡിയോ പങ്കുവെച്ചത് ആഗോളതലത്തിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടർന്ന് ബെൻ-ഗ്വിറിന് ഫ്രാൻസ് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
കസ്റ്റഡിയിൽ നിന്ന് മോചിതരായി മേയ് 22-ന് പാരീസിൽ തിരിച്ചെത്തിയ എട്ട് ഫ്രഞ്ച് പ്രവർത്തകർ തങ്ങൾ അനുഭവിച്ച ക്രൂരമായ പീഡനങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചു. കപ്പലിലുണ്ടായിരുന്ന മുപ്പതിലധികം ഫ്രഞ്ച് പൗരന്മാരിൽ രണ്ടുപേർ ഇപ്പോഴും ഗുരുതര പരിക്കുകളോടെ തുർക്കിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. "ഒരു ഇരുണ്ട കണ്ടെയ്‌നറിനുള്ളിൽ വെച്ച് സൈനികൻ എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യപ്പെടുമോ എന്ന് ഞാൻ ഭയന്നിരുന്നു." തിരികെയെത്തിയ വനിതാ സമാധാന പ്രവർത്തക വെളിപ്പെടുത്തി. മറ്റൊരു പ്രവർത്തക നൽകിയ വിവരമനുസരിച്ച്, തടവിലാക്കപ്പെട്ടവരെ മണിക്കൂറുകളോളം മുട്ടുകുത്തിച്ച് നെറ്റി നിലത്ത് മുട്ടിച്ച നിലയിൽ ഇരുത്തി പീഡിപ്പിച്ചു. ഈ സമയമത്രയും ഇസ്രായേലിന്റെ ദേശീയ ഗാനം ഉച്ചത്തിൽ കേൾപ്പിച്ചതായും അവർ പറഞ്ഞു.
ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചുള്ള ശാരീരിക അക്രമങ്ങൾ, ലൈംഗിക അധിക്ഷേപങ്ങൾ എന്നിവക്ക് പുറമെ കുറഞ്ഞത് 15 ലൈംഗിക പീഡന കേസുകളെങ്കിലും തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല ഭാരവാഹികൾ അറിയിച്ചു. ഇസ്രായേൽ സൈന്യത്തിനെതിരെ ബലാത്സംഗം, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രത്യേക പരാതി നൽകാൻ ഫ്രഞ്ച് പ്രവർത്തകരുടെ അഭിഭാഷകർ ഒരുങ്ങുകയാണ്.
ഇതേസമയം, ഇസ്രായേലി ജയിലുകളിൽ സാധാരണക്കാരായ ഫലസ്തീനികൾ അനുഭവിക്കുന്ന നരകയാതനകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സമാധാന പ്രവർത്തകർ നേരിട്ടത് വളരെ കുറഞ്ഞ പീഡനം മാത്രമാണെന്ന് യുഎൻ വിദഗ്ദ്ധ ഫ്രാൻസെസ്ക അൽബനീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.