റെയ്മണ്ട് ഗ്രീൻ
തായ്‌പേയ്: യുക്രെയ്നിലും പശ്ചിമേഷ്യയിലുമുള്ള സംഘർഷങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് തായ്‌വാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും, ഡ്രോൺ സാങ്കേതികവിദ്യയിൽ നിക്ഷേപം വർധിപ്പിക്കണമെന്നും തായ്‌വാനിലെ അമേരിക്കൻ പ്രതിനിധി റെയ്മണ്ട് ഗ്രീൻ. ചൈനയുമായുള്ള സൈനിക സന്തുലിതാവസ്ഥ നിലനിർത്താൻ കൂടുതൽ പണം ചെലവാക്കുന്നതിനേക്കാൾ ഉപരിയായി, തന്ത്രപരമായ രീതിയിൽ പ്രതിരോധം ശക്തമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെ സൈനിക നവീകരണത്തിനായി 40 ബില്യൺ ഡോളറിന്റെ അധിക ബജറ്റ് ആവശ്യപ്പെട്ടെങ്കിലും, പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റ് ഇതിൽ മൂന്നിൽ രണ്ട് ഭാഗം തുക മാത്രമേ അനുവദിച്ചിട്ടുള്ളൂ. തദ്ദേശീയമായി നിർമിക്കുന്ന ഡ്രോണുകൾക്കും മിസൈലുകൾക്കും വേണ്ടിയുള്ള ഈ ഫണ്ട് എങ്ങനെയും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് തായ്‌വാൻ സർക്കാർ. ചൈനയുടെ കടന്നുകയറ്റത്തെ തടയാൻ അത്യാധുനിക ആയുധശേഖരണം അനിവാര്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു.
‘തായ്‌വാൻ പ്രതിരോധത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടതുണ്ട്, പക്ഷേ അതിനേക്കാൾ പ്രധാനം അത് 'സ്മാർട്ട്' ആയി ചെലവഴിക്കുക എന്നതാണ്. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആളില്ലാ സംവിധാനങ്ങളിൽ നിക്ഷേപം നടത്തുന്നതിലൂടെ തായ്‌വാന് വേഗത്തിൽ പ്രതിരോധം തീർക്കാൻ സാധിക്കും’ യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങൾ തെളിയിക്കുന്നത് യുദ്ധത്തിന്റെ സ്വഭാവം തന്നെ ഡ്രോണുകൾ മാറ്റിമറിച്ചിരിക്കുന്നു എന്നാണ്. തായ്‌പേയിൽ നടന്ന ഒരു ഫോറത്തിൽ സംസാരിക്കവേ റെയ്മണ്ട് ഗ്രീൻ വ്യക്തമാക്കി
തായ്‌വാന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് അമേരിക്ക. എന്നാൽ, കഴിഞ്ഞ മാസം ബീജിങ്ങിൽ വെച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, തായ്‌വാനുമായുള്ള 14 ബില്യൺ ഡോളറിന്റെ ആയുധ കരാറിന്റെ കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാട് ആശങ്കയുണ്ടാക്കിയിരുന്നു. കരാർ നടപ്പിലാക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ട്രംപ് സൂചിപ്പിച്ചത്. എങ്കിലും, തായ്‌വാനെ സംരക്ഷിക്കാനുള്ള നയത്തിൽ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങൾ ചൈനയുടെ ഭാഗമാണെന്ന ബീജിങ്ങിന്റെ അവകാശവാദത്തെ തായ്‌വാൻ സർക്കാർ പൂർണ്ണമായും തള്ളിക്കളയുന്നു. തങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് തായ്‌വാന്റെ ജനങ്ങൾ മാത്രമാണെന്ന് അവർ അടിവരയിടുന്നു. തായ്‌വാന്റെ പ്രതിരോധം തങ്ങളുടെ മാത്രം ആവശ്യമല്ല, മറിച്ച് ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങളുടെ സംരക്ഷണമാണെന്ന് തായ്‌വാൻ അധികൃതർ ഓർമിപ്പിക്കുന്നു. സമാധാനത്തിന് വേണ്ടി കൈകെട്ടി ഇരിക്കാൻ കഴിയില്ലെന്നും, കരുത്തിലൂടെ മാത്രമേ ചൈനീസ് ഭീഷണിയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ എന്നും തായ്‌വാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.