ന്യൂഡൽഹി: വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ നയതന്ത്രസംഘത്തിൽ അസദുദ്ദീൻ ഉവൈസി എം.പിയെ ഉൾപ്പെടുത്തിയതിൽ പ്രതികരിച്ച് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. മുസ്‍ലിം രാജ്യങ്ങളിലേക്കുള്ള നയതന്ത്രസംഘത്തിൽ അസദുദ്ദീൻ ഉവൈസിയെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ, കുവൈറ്റ്, ബഹറൈൻ, അൽജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നയതന്ത്രസംഘങ്ങളുടെ പട്ടികയിലാണ് അസദുദ്ദീൻ ഉവൈസിയേയും കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. നിഷികാന്ത് ദുബെയെ കൂടാതെ ബി.ജെ.പിയിൽ നിന്ന് ഫങ്‌നോൺ കൊന്യാക്, രേഖ ശർമ്മ എന്നിവരെ കൂടാതെ നാമനിർദേശം ചെയ്യപ്പെട്ട അംഗമായ സത്നാം സിങ് സാധു, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മുൻ വിദേശകാര്യ സെക്രട്ടറിയും അംബാസിഡറുമായ ഹർഷ ശ്രീംഗല എന്നിവരും നയതന്ത്ര സംഘത്തിലുണ്ട്.
അതേസമയം, സുപ്രധാന ദൗത്യമാണെന്നും തന്നിലർപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു. ഒരു പാർട്ടിക്ക് നൽകിയ പങ്കാളിത്തമായി കാണുന്നില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് നടക്കുന്ന യോഗത്തിലേ കൂടുതൽ വിശദാംശങ്ങൾ അറിയാൻ സാധിക്കൂ. താൻ ഉൾപ്പെട്ട സംഘത്തിനെ അടുത്ത സുഹൃത്തായ ബൈജയന്ത് ജയ് പാണ്ടെയാണ് നേതൃത്വം നൽകുന്നത്. നിഷികാന്ത് ദുബെ, ഫംഗ്നോൺ കൊന്യാക്, രേഖ ശർമ, സത്നം സിങ് സന്ധു, ഗുലാം നബി ആസാദ് എന്നിവരും സംഘത്തിൽ ഉൾപ്പെട്ടേക്കും. യു.കെ, ഫ്രാൻസ്, ബെൽജിയം, ജർമനി, ഇറ്റലി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുകയെന്നും ഉവൈസി പറഞ്ഞു.
ഞങ്ങൾ രാജ്യത്തെയും കേന്ദ്രസർക്കാറിനെയുമാണ് പ്രതിനിധീകരിക്കുന്നത്. നമ്മുടെ സഹോദരിമാർ വിധവകളും നമ്മുടെ കുട്ടികൾ അനാഥരുമായത് എങ്ങനെയെന്നും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്‍റെ നീക്കത്തെ കുറിച്ചും വിദേശ രാജ്യങ്ങളെ ധരിപ്പിക്കും.
നമ്മൾ ലോക സമ്പദ് വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയെ അസ്ഥിരപ്പെടുത്തിയാൽ അത് ലോകത്തെ ആകമാനം പ്രതികൂലമായി ബാധിക്കും. പാക് ഷെല്ലാക്രമണത്തിൽ 21 സിവിലിയന്മാർ കൊല്ലപ്പെട്ടു. പൂഞ്ചിൽ നാലു കുട്ടികളും അഞ്ച് സൈനികരും കൊല്ലപ്പെട്ടു. ഇക്കാര്യങ്ങൾ വിദേശ രാജ്യങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഉവൈസി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.