വാഷിങ്ടൺ: വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രായേലിനെതിരായ ആക്രമണം നിർത്തുമെന്ന് ഹൂതികൾ. യെമനിലെ ഹൂതികളുടെ വക്താവാണ് ചെങ്കടലിൽ കപ്പലുകൾക്കെതിരായ ആക്രമണം നിർത്തുമെന്ന് അറിയിച്ചത്. ഞായറാഴ്ചയാണ് വെടിനിർത്തൽ കരാർ നിലവിൽ വരുന്നത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും യു.എസും യു.കെയും യെമനെതിരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തുകയും ചെയ്താൽ ഇതിന് സമാനമായ നടപടികൾ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഹൂതികൾ അറിയിച്ചു. സംഘടന വക്താവ് മുഹമ്മദ് അൽ ബുകഹെയ്തിയാണ് ഇക്കാര്യം അൽ ജസീറയോട് പറഞ്ഞത്.യു.കെയും യു.എസും ഹൂതികളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. യു.എസ് ഹൂതികൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഹമാസുമായുള്ള വെടിനിർത്തൽ താൽകാലികം മാത്രമാണെന്നും അനിവാര്യമെങ്കിൽ യു.എസിന്റെ സഹായത്തോടെ യുദ്ധം തുടരാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭീഷണി. ബന്ദികളാക്കപ്പെട്ടവരുടെ പട്ടിക ഇസ്രായേൽ കൈമാറിയിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നും അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും നെതന്യാഹു എക്സിൽ കുറിച്ചിരുന്നു.
ലബനാനിലും സിറിയയിലും ഇസ്രായേൽ നേടിയ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. പശ്ചിമേഷ്യയുടെ മുഖഛായ തന്നെ ഗസ്സ യുദ്ധം മാറ്റിയെന്നും ഏറ്റവും നല്ല വെടിനിർത്തൽ കരാറാണ് നടപ്പാക്കാൻ കഴിഞ്ഞതെന്നും ഇസ്രാേയൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.