ഇസ്രായേലിലേക്ക് വീണ്ടും മിസൈലയച്ച് ഹൂതികൾ; പശ്ചിമേഷ്യയിലെ യു.എസ് സർവകലാശാലകൾ ആക്രമിക്കുമെന്ന് ഇറാൻ; മേഖലയിലേക്ക് കൂടുതൽ യു.എസ് സൈന്യം

തെഹ്റാൻ: ഇസ്രായേലിലേക്ക് വീണ്ടും മിസൈലുകൾ വർഷിച്ച് യമനിലെ വിമത ഭരണപക്ഷമായ ഹൂതികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ ആക്രമണം നടത്തുന്നത്.

ഇറാൻ അനുകൂല ഹൂതികൾ കൂടി യുദ്ധത്തിൽ പങ്കാളികളായതോടെ മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന് ഉറപ്പായി. മധ്യപൂർവദേശത്തെ യു.എസ് സർവകലാശാലകൾ ലക്ഷ്യമിടുമെന്ന് ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) മുന്നറിയിപ്പ് നൽകി. യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിലെ സർവകലാശാലകൾ ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്‍റെ ഭീഷണി. ഇറാനിൽ കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മേഖലയിലേക്ക് കൂടുതൽ യു.എസ് സൈന്യവും എത്തുന്നത് ആശങ്ക വർധിപ്പിച്ചു. ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച ഹൂതികൾ, വരുംദിവസങ്ങളിലും ആക്രമണം തുടരുമെന്ന് വ്യക്തമാക്കി. ഇറാനുനേരെയുള്ള സൈനിക നടപടി തുടർന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ആക്രമണം നടത്തുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

ശനിയാഴ്ചയാണ് ഇസ്രായേലിലേക്ക് മിസൈലയച്ച് ഹൂതികൾ ആദ്യമായി യുദ്ധത്തിൽ പങ്കാളികളായത്. മിസൈൽ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഇസ്രായേൽ അറിയിച്ചു. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ രണ്ടു സർവകലാശാലകൾക്ക് വലിയ നാശനഷ്ടം നേരിട്ടിരുന്നു. പിന്നാലെയാണ് മേഖലയിലെ യു.എസ് സർവകലാശാലകളും ആക്രമിക്കുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകിയത്. മേഖലയിലെ യു.എസ് സർവകലാശാലകളെ ആക്രമിക്കാതിരിക്കണമെങ്കിൽ തിങ്കളാഴ്ച തെഹ്റാൻ സമയം ഉച്ചക്ക് 12 മണിക്ക് മുമ്പായി ഇറാനിലെ സർവകലാശാലകൾക്കുനേരെ നടത്തിയ ആക്രമണത്തെ യു.എസ് ഭരണകൂടം അപലപിക്കണമെന്ന് സൈന്യത്തെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മേഖലയിലെ അമേരിക്കൻ സർവകലാശാലകളിലെ ജീവനക്കാരോടും വിദ്യാർഥികളോടും അധ്യാപകരോടും കാമ്പസിന്‍റെ ഒരുകിലോമീറ്റർ ദൂരത്തേക്ക് മാറി താമസിക്കണമെന്നും നിർദേശം നൽകി. ഖത്തറിലെ ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റി, യു.എ.ഇയിലെ ന്യൂയോർക്ക് യൂനിവേഴ്സിറ്റി തുടങ്ങി നിരവധി അമേരിക്കൻ സർവകലാശാലകൾക്ക് ഗൾഫ് മേഖലയിൽ കാമ്പസുകൾ ഉണ്ട്. യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ തെഹ്റാനിന്‍റെ വടക്കുകിഴക്ക് ഭാഗത്തുള്ള സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ വലിയ നാശം വരുത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്‍റെ ആക്രമണം തുടരുകയാണ്. ഇസ്രായേലിലെ റഡാർ കേന്ദ്രം ഉൾപ്പെടെ വിവിധ വ്യവസായ കേന്ദ്രങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. കൂടാതെ, യു.എസിന്‍റെ എം.ക്യു9 നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും എഫ് -16 യുദ്ധവിമാനത്തെ ആക്രമിച്ചതായും ഇറാൻ അറിയിച്ചു.

തെക്കൻ ഇസ്രായേലിലെ ഐൻ ഷെമർ വ്യോമതാവളവും റെഗാവിം സൈനിക ക്യാമ്പും ആക്രമിച്ചതായി ലബനാനിലെ ഹിസ്ബുല്ല അവകാശപ്പെട്ടു. യു.എസ്.എസ് ട്രിപ്പോളി യുദ്ധക്കപ്പലിൽ 3500 യു.എസ് സൈനികർ മേഖലയിൽ എത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, യുദ്ധം കൂടുതൽ സങ്കീർണമാകുകയാണ്. പാകിസ്‍താൻ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ യുദ്ധവിരാമത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം പുതിയ ദിശയിലേക്ക് നീങ്ങുന്നത്.

ചർച്ചയുടെ പശ്ചാത്തലത്തിൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പത്ത് ദിവസം കൂടി ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും, ഇസ്രായേൽ ആക്രമണം തുടർന്നതാണ് ഹൂതികളെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതിനു പിന്നാലെ പശ്ചിമേഷ്യയിലെ രണ്ടാംപാതയായ ബാബുൽ മന്ദബ് നിയന്ത്രിക്കാൻ ശേഷിയുള്ള ഹൂതികൾ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്നതോടെ എണ്ണ പ്രതിസന്ധി രൂക്ഷമാകും. എന്നാൽ, ഇറാനിൽ കരയാക്രമണമുണ്ടാകില്ലെന്നും യുദ്ധം ‘ആഴ്ചകൾക്കുള്ളിൽ’ അവസാനിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ പറഞ്ഞു. വെടിനിർത്തലിനായി ട്രംപ് മുന്നോട്ടുവെച്ച 15 ഇന നിർദേശങ്ങളിൽ അടുത്ത ദിവസം ചർച്ച നടക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനുമായി ഒരു മണിക്കൂർ ഫോൺ സംഭാഷണം നടത്തി.

Tags:    
News Summary - Houthis launch second missile attack on Israel as Yemeni group enter Iran-Israel-US war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.