തെൽഅവീവ്: ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേലിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം. ഇന്നലെ വൈകീട്ട് ഇസ്രായേലിലെ എയ്ലാത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നും ഒരാൾക്ക് സാരമുള്ള പരിക്കാണെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം റിസോർട്ട് സിറ്റിയിലെ ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.
ഗുരുതര പരിക്കേറ്റവരെ ഇസ്രായേൽ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളിൽ ബീർഷെബയിലെ സൊറോക്ക മെഡിക്കൽ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരെ എയ്ലാത്തിലെ യോസെഫ്താൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഷോപ്പിങ് ഏരിയയിലെ ഹോട്ടലിന് സമീപമാണ് ഡ്രോൺ ആക്രമണം നടന്നത്. രണ്ട് അയൺ ഡോം ഇന്റർസെപ്റ്റർ മിസൈലുകൾ തൊടുത്തുവിട്ടുവെങ്കിലും ഡ്രോൺ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായി സൈന്യം സമ്മതിച്ചു. അതേസമയം ആക്രമണ മുന്നറിയിപ്പ് സൈറണുകൾ പ്രോട്ടോക്കോൾ അനുസരിച്ച് മുഴങ്ങിയിരുന്നു. വീഴ്ചയെ കുറിച്ച് ഇസ്രായേലി വ്യോമസേന അന്വേഷണം ആരംഭിച്ചു.
ഡ്രോൺ വൈകിയാണ് കണ്ടെത്തിയതെന്നും അതിനാൽ ഹെലികോപ്റ്ററുകളോ യുദ്ധവിമാനങ്ങളോ ഉപയോഗിച്ച് പ്രതിരോധിക്കാൻ ഐഎഎഫിന് മതിയായ സമയം ലഭിച്ചില്ല എന്നും വ്യോമസേനയുടെ പ്രാഥമിക അന്വേഷണത്തിൽ അണ്ടെത്തി. താഴ്ന്നു പറക്കുന്നതിനാലാകാം ഡ്രോണിനെ വെടിവെച്ചിടുന്നതിൽ അയൺ ഡോം പരാജയപ്പെട്ടതെന്നും ഐ.എ.എഫ് പറയുന്നു.
അതിനിടെ, നിരവധി രാജ്യങ്ങളുടെ ഫലസ്തീൻ അംഗീകാരവും ട്രംപിന്റെ യുദ്ധവിരാമ സൂചനകളും തള്ളികകളഞ്ഞ് ഗസ്സയിൽ ഇസ്രായേൽ മനുഷ്യക്കുരുതി തുടരുകയാണ്. ഇസ്രായേൽ ടാങ്കുകളും കവചിത വാഹനങ്ങളും ഗസ്സ സിറ്റിക്കുള്ളിൽ കൂടുതൽ കടന്നുകയറി. വെടിനിർത്തൽ പ്രതീക്ഷകളുമായി വീടുകളിൽ തങ്ങിയവർക്കുമേൽ മരണം പെയ്താണ് ഇസ്രായേൽ സേന ഗസ്സ സിറ്റിയിൽ ബുധനാഴ്ച കൂടുതൽ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്.
ഗസ്സ സിറ്റിയിലെ ദറജ് പ്രദേശത്ത് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിനു മേൽ ഇസ്രായേൽ ബോംബിങ്ങിൽ 20 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയുണ്ട്. ഇതുൾപ്പെടെ ഗസ്സയിൽ ബുധനാഴ്ച പകലിൽ മാത്രം 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറു ലക്ഷത്തോളം പേർ പലായനം ചെയ്ത ഗസ്സ സിറ്റിയിൽ ഇപ്പോഴും അഞ്ചു ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്നുണ്ട്. ഇവർ കഴിയുന്ന കെട്ടിടങ്ങൾ തകർക്കാൻ സ്ഫോടകവസ്തുക്കൾ നിറച്ച റോബോട്ടുകളും കവചിത വാഹനങ്ങളും ഉപയോഗിക്കുന്നത് ഭീതി ഇരട്ടിയാക്കുകയാണ്.
അതേസമയം, ന്യൂയോർക്കിൽ മുസ്ലിം നേതാക്കളെ കണ്ട യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശുഭസൂചനകൾ നൽകിയിരുന്നു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പറഞ്ഞു. ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജോർഡൻ, തുർക്കിയ, പാകിസ്താൻ, യു.എ.ഇ രാഷ്ട്രത്തലവന്മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ തുടർച്ചയായി ഇസ്രായേൽ നേതൃത്വവുമായും വരുംദിവസം ചർച്ച നടത്തും.
ട്രംപ് അവതരിപ്പിക്കുന്ന യുദ്ധവിരാമ പദ്ധതി പ്രകാരം ഈ രാജ്യങ്ങൾ ഗസ്സയിൽ സമാധാന പാലനത്തിന് സൈനികരെ അയക്കുമെന്ന് സമ്മതിക്കണം. ശാശ്വത യുദ്ധവിരാമമാണ് ചർച്ചയുടെ ലക്ഷ്യമെന്ന് യു.എ.ഇ വാർത്ത ഏജൻസി ‘വാം’ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.