തെൽഅവീവ്: ഗസ്സ നഗരം പൂർണമായി കീഴ്പ്പെടുത്താൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതിനെതിരെ ബന്ദികളുടെ ബന്ധുക്കളും ഇസ്രായേൽ പ്രതിപക്ഷവും രംഗത്ത്. ബന്ദികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതാണ് മന്ത്രിസഭയുടെ മണ്ടൻ തീരുമാനമെന്നും അത് വൻ ദുരന്തത്തിന് കാരണമാകുമെന്നും ബന്ദികളുടെ മോചനത്തിനായി പ്രവൃത്തിക്കുന്ന സംഘടന ആരോപിച്ചു.
“ജീവിച്ചിരിക്കുന്ന ബന്ദികളെ വധശിക്ഷക്കും മരിച്ചുപോയ ബന്ദികളെ കാണാതാകുന്നതിനും ഇസ്രായേൽ സർക്കാർ ഇന്ന് രാത്രി വിധിച്ചു” -ഹോസ്റ്റേജസ് ഫോറം പ്രസ്താവനയിൽ ആരോപിച്ചു. “സൈനിക നേതൃത്വത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും ഇസ്രായേലിലെ ഭൂരിഭാഗം പൊതുജനങ്ങളുടെയും ആവശ്യവും പൂർണ്ണമായും അവഗണിച്ചുകൊണ്ട് ഗസ്സ മുനമ്പ് കീഴ്പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം ബന്ദികളെ ഉപേക്ഷിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ്. ബന്ദികളെയും ഐ.ഡി.എഫ് സൈനികരെയും മഹാ ദുരന്തത്തിലേക്ക് നയിക്കുന്ന മാപ്പർഹിക്കാത്ത മണ്ടൻ നീക്കമാണിത്’ -പ്രസ്താവനയിൽ ആരോപിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ തിരികെ കൊണ്ടുവരാനുമുള്ള കരാർ ഒപ്പിട്ടാൽ ഈ ദുരന്തം മറികടക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
ബന്ദികളെ മുഴുവൻ തിരികെ എത്തിക്കുക, ഹമാസിനെ നിരായുധീകരിക്കുക, ഗസ്സ മുനമ്പിൽ ഇസ്രായേലിന്റെ നിയന്ത്രണം, ബദൽ സിവിലിയൻ സർക്കാർ രൂപീകരിക്കുക, സൈനികവത്കരണം തുടങ്ങി നെതന്യാഹുവിന്റെ അഞ്ച് നിർദേശങ്ങൾക്കും ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുമാണ് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയത്. ഗസ്സ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനൊപ്പം യുദ്ധമേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം നൽകാനും ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തയാറാകുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ബന്ദികളായ ഇസ്രായേൽ പൗരന്മാരായ ബ്രാസ്ലാവ്‌സ്‌കിയുടെയും എവ്യാതർ ഡേവിഡിന്‍റെയും ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഗസ്സ മുനമ്പ് പൂർണമായും പിടിച്ചടക്കാൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടത്. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനുമേൽ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യമാണ് നെതന്യാഹുവിന്‍റെ പുതിയ നീക്കത്തിനു പിന്നിൽ. ഇതിനകം ഗസ്സയിലെ 75 ശതമാനം പ്രദേശവും നിയന്ത്രണത്തിലാക്കിയ ഇസ്രായേൽ സൈന്യം, ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ച മേഖലകൾ ഉൾപ്പെടെ ശേഷിക്കുന്ന പ്രദേശങ്ങൾ പിടിച്ചെടുക്കാനാണ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.