ഹോങ്കോങ്ങിലെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി

ഹോ​​ങ്കോ​ങ്: ഹോ​ങ്കോ​ങ്ങി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രണസംഖ്യ ഉയരുന്നു. അപകടത്തിൽ ഇതുവരെ 146 പേർ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. 150 പേരെ കാണാനില്ല, 79 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം ആരംഭിച്ചു, ആയിരക്കണക്കിന് ആളുകളാണ് സംഭവസ്ഥലത്ത് അനുശോചനത്തിനായി ഒത്തുകൂടിയത്. പൂക്കളും കൈയെഴുത്തു കുറിപ്പുകളുമായി 2 കിലോമീറ്റർ വരെ നീളുന്ന ക്യൂ ഉണ്ടായിരുന്നു.

എട്ടുപതിറ്റാണ്ടിനിടെ ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വാങ് ഫുക്ക് കോടതി സമുച്ചയത്തിലെ കെട്ടിടങ്ങളിലൊന്നിൽ തീപടർന്നത്. പിന്നാലെ ഏഴു ബഹുനില കെട്ടിടങ്ങളിലേക്കും തീപടരുകയായിരുന്നു.1000ത്തിലധികം അഗ്നിശമന സേനാംഗങ്ങൾ 24 മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. എട്ട് ബഹുനില കെട്ടിടങ്ങളിലായി 2000ത്തോളം അപ്പാർട്മെന്റുകളും 4800ൽ അധികം താമസക്കാരുമാണുള്ളത്.

11 അഗ്നിശമന സേനാംഗങ്ങൾക്കുൾപ്പെടെ 70ൽ അധികം പേർക്ക് തീപിടിത്തത്തിൽ പരിക്കേറ്റു. 900 പേർ താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടി. കെട്ടിടങ്ങളിലെ തിരച്ചിൽ അവസാനിപ്പിക്കാതെ കാണാതായവരുടെ കണക്കുകൾ വ്യക്തമാക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. 1980കളിലാണ് കെട്ടിട സമുച്ചയം നിർമിച്ചത്. നരഹത്യയുമായി ബന്ധപ്പെട്ട് പ്രസ്റ്റീജ് കൺസ്ട്രക്ഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു മുമ്പ് 1948 ലായിരുന്നു 176 പേർ മരിച്ച തീപിടിത്തമുണ്ടായത്.

അതേസമയം, കെട്ടിട സമുച്ചയത്തിൽ അതിവേഗത്തിൽ തീ പടരാൻ മുളകൾ കൊണ്ട് നിർമിച്ച സ്കാഫോൾഡിങ് കാരണമായെന്നാണ് നിഗമനം. ഒരു വർഷത്തിലേറെയായി നടക്കുന്ന നവീകരണപ്രവൃത്തികൾക്കായി കെട്ടിടങ്ങൾക്ക് ചുറ്റും മുളകൾ കൊണ്ട് ചട്ടക്കൂട് ഒരുക്കിയിരുന്നു.തീപിടിത്തത്തിന്റെ യഥാർഥ കാരണം അവ്യക്തമാണെങ്കിലും കെട്ടിടങ്ങളിലേക്ക് അതിവേഗം തീപടരാൻ മുളകൾ കൊണ്ട് നിർമിച്ച ഈ ചട്ടക്കൂടുകളും മറ്റ് നിർമാണ വസ്തുക്കളും കാരണമായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

കെട്ടിടങ്ങൾക്ക് പുറത്ത് നിർമാണ പ്രവൃത്തികൾക്കായി കമ്പിയും മറ്റു ബലമുള്ള വസ്തുക്കളും ഉപയോഗിച്ച് മുളക്കമ്പുകൾ കെട്ടി ചട്ടക്കൂടുകൾ ഒരുക്കാറുണ്ട്. ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും ബഹുനില കെട്ടിടങ്ങൾ പോലും പണിയുന്നതിന് ഇത്തരത്തിൽ പരമ്പരാഗത നിർമാണ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇതു സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നതായും അവർ പറയുന്നു.

Tags:    
News Summary - Hong Kong fire death toll rises to 146

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.