ഹിന്ദു ദേശീയതയും ഖലിസ്ഥാനി തീവ്രവാദവും പുതിയ ഭീഷണികൾ; യു.കെ സർക്കാർ രേഖ പുറത്ത്

ലണ്ടൻ: ഹിന്ദു ദേശീയതയും ഖലിസ്ഥാനി തീവ്രവാദവും യു.കെയിൽ പുതുതായി ഉയർന്നുവരുന്ന ഭീഷണികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ആഭ്യന്തര വകുപ്പിൽനിന്ന് ചോർന്ന രേഖയിലാണ് ഇവ പട്ടികപ്പെടുത്തിയിട്ടുള്ളത്. ‘ഹിന്ദു ദേശീയ തീവ്രവാദ’ത്തെ ‘തീവ്ര ആശയ’മെന്ന് വിശേഷിപ്പിക്കുന്നതായി ദ് ഗാർഡിയന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഉയർന്നുവരുന്ന ഭീഷണികളിൽ ഏറ്റവും ഗുരുതര പ്രശ്നമുള്ളത് ഖലിസ്ഥാനി തീവ്രവാദമാണെന്നും സർക്കാർ രേഖയിൽ പറയുന്നു.

യു.കെ ആഭ്യന്തര വകുപ്പ് സെക്രട്ടറി യേറ്റ് കൂപ്പർ 2024 ആഗസ്റ്റിൽ കമീഷൻ ചെയ്ത സമിതിയുടെ റിപ്പോർട്ടാണ് ചോർന്നത്. ഹിന്ദു ദേശീയ തീവ്രവാദവും ഹിന്ദുത്വയും ആദ്യമായാണ് ഭീഷണി ഉയർത്തുന്ന ആശയങ്ങളുടെ പട്ടികയിൽ യു.കെ ഉൾപ്പെടുത്തുന്നത്. 2022 ആഗസ്റ്റിൽ ഇന്ത്യ -പാകിസ്താൻ ഏഷ്യകപ്പ് മത്സരത്തിനു പിന്നാലെ, ലെസ്റ്ററിൽ ബ്രിട്ടീഷ് ഹിന്ദുക്കളും ബ്രിട്ടീഷ് മുസ്‌ലിംകളും തമ്മിൽ സംഘർഷമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഹിന്ദു ദേശീയ തീവ്രവാദത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

തീവ്രവാദ പ്രതിരോധത്തിനായുള്ള നയം രൂപവത്കരിക്കാനാണ് പട്ടിക തയാറാക്കിയത്. ഇസ്‌ലാമിസ്റ്റ്, തീവ്ര വലതുപക്ഷം, തീവ്ര സ്ത്രീവിരുദ്ധത, ഖലിസ്ഥാൻ അനുകൂല തീവ്രവാദം, ഹിന്ദു ദേശീയ തീവ്രവാദം, പാരിസ്ഥിതിക തീവ്രവാദം, ഇടതുപക്ഷം, അരാജകവാദം, എന്തെങ്കിലും പ്രത്യേക വിഷയത്തിലൂന്നിയുള്ള തീവ്രവാദം, അക്രമ തൽപരത, ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവയാണ് പട്ടികയിലുള്ളത്. ഖലിസ്ഥാൻ വാദികൾ മുസ്‌ലിം വിരുദ്ധത വളർത്തുന്നുവെന്നും ഇന്ത്യയും ബ്രിട്ടനും സിഖുകാർക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന രീതിയിൽ ഗൂഢാലോചന സിദ്ധാന്തമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദേശത്ത് ഇന്ത്യയുടെ ഇടപെടലുകളെ കുറിച്ച് റിപ്പോർട്ടിൽ ആശങ്കപ്പെടുന്നുണ്ട്. കാനഡയിലെ സിഖുകാരുടെ മരണത്തിൽ വരെ ഇന്ത്യക്ക് പങ്കുള്ളതായും റിപ്പോർട്ടിൽ സംശയം ഉന്നയിക്കുന്നു. റിപ്പോർട്ട് ചോർന്നതിനു പിന്നാലെ ഇത് പുതിയ നയത്തിന്റെ ഭാഗമല്ലെന്നും മുമ്പേ തുടർന്നുവന്ന രീതിയുടെ ഭാഗമായി തയാറാക്കിയതാണെന്നും ആഭ്യന്തര മന്ത്രി ഡാൻ ജാർവിസ് പ്രതികരിച്ചു. തീവ്രവാദത്തിന്റെ നിർവചനം മാറ്റാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Hindu nationalism, Khalistani extremism among new threats: Leaked UK govt report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.