ഹിസ്ബുല്ല ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികൻ

അമേരിക്കൻ വംശജനായ ഇസ്രായേൽ സൈനികനെ വധിച്ച് ഹിസ്ബുല്ല; ലബനാനിൽ ആക്രമണം തുടരുന്നു

ബൈറൂത്: ലബനാനിൽ ഇസ്രായേൽ നടത്തുന്ന അക്രമണത്തിനെതിരെയുള്ള ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അംഗം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കൻ നഗരമായ കണക്റ്റിക്കട്ട് സ്വദേശിയും ഐ.ഡി.എഫ് അംഗവുമായ സെർജന്റ് മോഷെ യിത്സാക് കാറ്റ്‌സ് (22) ആണ് ശനിയാഴ്ച പുലർച്ചെ നടന്ന റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാരാട്രൂപ്പർ ബ്രിഗേഡിലെ 890-ാം ബറ്റാലിയൻ അംഗമായിരുന്നു ഇദ്ദേഹം.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി തെക്കൻ ലബനാനിലെ ഇസ്രായേൽ സൈനിക പോസ്റ്റുകൾക്ക് നേരെ രൂക്ഷമായ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മറ്റ് മൂന്ന് സൈനികർരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നടത്തിയ മറ്റൊരാക്രമണത്തിൽ ഒരു ലഫ്റ്റനന്റ് കേണൽ ഉൾപ്പെടെ 20 സൈനികർക്ക് പരിക്കേറ്റതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു.

അമേരിക്കയിലെ കണക്റ്റിക്കട്ടിലുള്ള ന്യൂ ഹാവനിലെ ചാബാദ് കമ്മ്യൂണിറ്റി അംഗമായിരുന്നു മോഷെ. തന്റെ സഹോദരിയുടെ പാത പിന്തുടർന്നാണ് ഇസ്രായേൽ പട്ടാളത്തിൽ മോഷെ ചേർന്നത്. ഈ ആഴ്ച നടക്കാനിരിക്കുന്ന പാസോവർ അവധിക്ക് മാതാപിതാക്കളെ സന്ദർശിക്കാൻ അമേരിക്കയിലേക്ക് പോകാനിരുന്നതായിരുന്നു മോഷെ, യുദ്ധസാഹചര്യത്തിൽ തന്റെ യൂനിറ്റിനൊപ്പം തുടരണമെന്ന് തീരുമാനിച്ചതിനാൽ മോഷെ നാട്ടിലേക്ക് പോയില്ലെന്ന് ഐ.ഡി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

മോഷെ കാറ്റ്‌സിന്റെ വേർപാടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും അനുശോചനം രേഖപ്പെടുത്തി. 'സയണിസത്തോടുള്ള അഗാധമായ താൽപ്പര്യം മൂലമാണ് മോഷെ അമേരിക്കയിലെ ജീവിതം ഉപേക്ഷിച്ച് ഇസ്രായേലിനായി പോരാടാൻ എത്തിയത്. അദ്ദേഹത്തിന്റെ വീരകൃത്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു,' പ്രതിരോധ മന്ത്രി കുറിച്ചു. മോഷെയുടെ പിതാവ് മെൻഡി കാറ്റ്‌സ് സമൂഹമാധ്യമത്തിലൂടെ തന്റെ മകന്റെ വിയോഗത്തിലുള്ള കടുത്ത ദുഃഖം പങ്കുവെച്ചു.

ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസും ഇസ്രയേലും യുദ്ധം ആരംഭിച്ചതിന് പിന്നാലെ, മാർച്ച് 2 മുതൽ ഹിസ്ബുല്ല ഇസ്രായേലിന് നേരെ ആക്രമണം പുനരാരംഭിച്ചിരുന്നു. ഇതിനു മറുപടിയായി തെക്കൻ ലബനാനിലേക്ക് സൈന്യത്തെ അയച്ച് ഹിസ്ബുല്ലയുടെ താവളങ്ങൾ തകർക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. മാർച്ച് 2 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് ഹിസ്ബുല്ലയുടെ ആക്രമണത്തിൽ അഞ്ച് ഇസ്രായേൽ സൈനികർ കെല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു. 

Tags:    
News Summary - Hezbollah kills American-born Israeli soldier; attacks continue in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.