നയീം ഖാസിം
ബൈറൂത്: ലബനാനിൽനിന്ന് സേനയെ പിൻവലിക്കാൻ ഇസ്രായേലിന് ഫെബ്രുവരി 18 വരെ സാവകാശം നൽകിയ നടപടി അംഗീകരിക്കില്ലെന്ന് ഹിസ്ബുല്ല. വെടിനിർത്തൽ കരാർ പ്രകാരം 60 ദിവസം കഴിഞ്ഞതിനാൽ സൈന്യത്തെ ഇസ്രായേൽ പിൻവലിക്കണമെന്ന് ഹിസ്ബുല്ല തലവൻ നയീം ഖാസിം ആവശ്യപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന് പിന്മാറാൻ ഒരു നിമിഷം പോലും സമയപരിധി നീട്ടിനൽകുന്നത് ലബനാനിലെ ആർക്കും അംഗീകരിക്കാൻ കഴിയില്ല.
ഇസ്രായേൽ നിർബന്ധമായും പിന്മാറണം. സൈന്യത്തെ പിൻവലിക്കാൻ വൈകിയാലുണ്ടാകുന്ന പ്രത്യാഘാതത്തിന്റെ ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭക്കും യു.എസിനും ഫ്രാൻസിനും ഇസ്രായേലിനുമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അധിനിവേശത്തിന് മറുപടിയായി ഉചിതമെന്ന് തോന്നുന്ന രീതിയിൽ പ്രവർത്തിക്കാൻ ഹിസ്ബുല്ലക്ക് അവകാശമുണ്ടെന്നും നയീം ഖാസിം വ്യക്തമാക്കി.
അതിനിടെ, തെക്കൻ ലബനാനിൽ പ്രതിഷേധക്കാർക്കുനേരെ ഇസ്രായേൽ സേന വീണ്ടും വെടിയുതിർത്തു. രണ്ടുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇസ്രായേൽ സേനയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെയാണ് വീണ്ടും നിറയൊഴിച്ചത്. ഞായറാഴ്ച ഇസ്രായേൽ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.