"ട്രംപാണ് ഇറാന്‍റെ നമ്പർ വൺ ശത്രു, അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടു" - നെതന്യാഹു

വാഷിങ്ടൺ ഡി.സി: ഇറാൻ- ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇറാനെതിരെ ഗുരുതര ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഇറാൻ തങ്ങളുടെ പ്രധാന ശത്രുവായി കാണുന്നുവെന്നും അദ്ദേഹത്തെ വധിക്കാൻ തെഹ്റാൻ പദ്ധതിയിട്ടിട്ടുണ്ടെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആരോപണം. ഞായറാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്‍റെ ആണവ പദ്ധതിക്കെതിരെ കർശന നിലപാട് സ്വീകരിച്ചതിനും ആണവ കരാർ റദ്ദാക്കിയതിനുമാണ് ഇറാൻ ട്രംപിനെതിരെ തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആണവ ലക്ഷ്യങ്ങൾക്കെതിരായ ട്രംപിന്‍റെ ഉറച്ച നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു.

അഭിമുഖത്തിലുടനീളം ട്രംപിന്‍റെ ജൂനിയർ പാർട്ണറായാണ് ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഇസ്രായേലിന് ആസന്നമായ ഒരു ആണവ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള തെഹ്റാന്‍റെ ശ്രമങ്ങളെ ഇരു നേതാക്കളും ശക്തമായി എതിർത്തിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. തന്‍റെ രാജ്യം വലിയ ഭീഷണിയാണ് നേരിടുന്നതെന്നും ഇതിനെ 12ാം മണിക്കൂറിൽ തന്നെ എതിർക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിക്കുന്നതില്‍ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് പോസ്റ്റില്‍ വ്യക്തമാക്കി."ഇറാൻ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ ഞങ്ങളെ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തലത്തിൽ നിങ്ങളുടെ മേൽ പതിക്കും. എന്നാൽ ഇറാനും ഇസ്രായേലും തമ്മിൽ ഒരു കരാർ എളുപ്പത്തിൽ ഉണ്ടാക്കാനും രക്തരൂക്ഷിതമായ സംഘർഷം അവസാനിപ്പിക്കാനും നമുക്ക് കഴിയും." ട്രംപ് പറഞ്ഞു.

ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതിനിടെ, വടക്കന്‍ ഇസ്രായേലിൽ ഇറാന്‍റെ മിസൈൽ വർഷം തുടരുകയാണ്. ഇസ്രായേലി​ന്റെ തുറമുഖനഗരമായ ഹൈഫക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ തെഹ്റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് തെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എൻ.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

Tags:    
News Summary - "He's Enemy Number One": Israeli PM Says Iran Wants To Kill Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.