ഹോം സെക്രട്ടറി ഷബാന മഹ്മൂദ് 

വിസ ചട്ടങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ; അഫ്ഗാനിസ്താൻ ഉൾപ്പെടെ നാല് രാജ്യങ്ങൾക്കെതിരെ 'എമർജൻസി ബ്രേക്ക്'

ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ വിസാ ചട്ടങ്ങളിൽ വൻ നിയന്ത്രണങ്ങളുമായി ബ്രിട്ടൻ. അഫ്ഗാനിസ്താൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്റ്റഡി വിസയും അഫ്ഗാൻ പൗരന്മാർക്ക് വർക്ക് വിസയും നൽകുന്നത് രാജ്യം നിർത്തലാക്കി. സ്റ്റഡി വിസയിലെത്തി രാഷ്ട്രീയ അഭയം തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര നീക്കം. ഇതാദ്യമായാണ് നാല് രാജ്യങ്ങൾക്കെതിരെ ബ്രിട്ടൻ ഇത്തരമൊരു 'എമർജൻസി ബ്രേക്ക്' പ്രയോഗിക്കുന്നത്.

2021നും 2025നും ഇടയിൽ ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അഭയ അപേക്ഷകളിൽ വലിയ വർധനവുണ്ടായതായി ഹോം ഓഫീസ് വ്യക്തമാക്കി. 'യുദ്ധത്തിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെടുന്നവർക്ക് ബ്രിട്ടൻ എപ്പോഴും അഭയം നൽകും, എന്നാൽ നമ്മുടെ വിസ സംവിധാനം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. നമ്മുടെ ഉദാരമനസ്കത ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്ക് വിസ നിഷേധിക്കുക എന്ന തീരുമാനമാണ് ഞാൻ കൈക്കൊള്ളുന്നത്' ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.

നിലവിൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കുടിയേറ്റം വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യു.കെ കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂടെ ജനപിന്തുണ നേടുന്നത് ഭരണകക്ഷിയായ ലേബർ പാർട്ടിയെ സമ്മർദത്തിലാക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കുടിയേറ്റ പ്രക്രിയ കർശനമാക്കാനും അനധികൃതമായി എത്തുന്നവരെ വേഗത്തിൽ നാടുകടത്താനും പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ സർക്കാർ തീരുമാനിച്ചു.

വ്യാഴാഴ്ച മുതൽ പുതിയ വിസ നിരോധനം ഔദ്യോഗികമായി നിലവിൽ വരും. അന്നേ ദിവസം തന്നെ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കൂടുതൽ കർശനമായ അഭയ നിയമങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വിസ നിരോധനത്തിന് പുറമേ അഭയാർഥി പദവി ലഭിച്ചവർ ഓരോ 30 മാസം കൂടുമ്പോഴും പുനപരിശോധനക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്. അഭയം തേടി ബ്രിട്ടനിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തുകയാണ് പുതിയ മാർഗനിർദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - UK to end study visas for Myanmar, Afghanistan, Cameroon, Sudan students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.