ആറ് പ്രമുഖ നേതാക്കളെ ഗസ്സയിൽനിന്ന് പുറത്താക്കണമെന്ന് ഇസ്രായേൽ; നടക്കില്ലെന്ന് ഹമാസ്

ഗസ്സ സിറ്റി: കാൽലക്ഷം പിന്നിട്ട് ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തുടരുന്നതിനിടെ വെടിനിർത്തൽ ചർച്ചകൾ തുടരുന്നു. ഇസ്രായേലി ബന്ദികളെ ഹമാസും ഫലസ്തീനി തടവുകാരെ ഇസ്രായേലും വിട്ടയക്കുന്ന ഒരു മാസം നീളുന്ന വെടിനിർത്തൽ നടപ്പാക്കാനുള്ള ചർച്ചകളാണ് യു.എസ് കാർമികത്വത്തിൽ പുരോഗമിക്കുന്നത്. വൈറ്റ് ഹൗസ് വക്താവ് മക്ഗർക്കിന് പുറമെ ഖത്തർ, ഈജിപ്ത് പ്രതിനിധികളും തിരക്കിട്ട നീക്കങ്ങളിൽ പങ്കാളികളാണ്. വെടിനിർത്തലിന് പുറമെ കൂടുതൽ സഹായമെത്തിക്കുന്നതും ഇതിന്റെ ഭാഗമാകും.

വെടിനിർത്തൽ താൽക്കാലികമാകുന്നതിന് പകരം ശാശ്വതമാകണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. ഭാവി ഗസ്സയുടെ ഭരണം സംബന്ധിച്ച തീരുമാനവും ഈ ധാരണയിലുണ്ടാകണമെന്നും അവർ നിലപാട് അറിയിച്ചിട്ടുണ്ട്.

ആറ് പ്രമുഖ ഹമാസ് നേതാക്കളെ നാടുകടത്തിയുള്ള വെടിനിർത്തലും യുദ്ധവിരാമവുമാണ് ഇസ്രായേൽ മുന്നോട്ടുവെക്കുന്നത്. ഗസ്സയിൽ ഹമാസ് തുടരുന്ന ഒരു സംവിധാനവും ഇനി അംഗീകരിക്കില്ലെന്ന് ഇസ്രായേൽ വക്താവ് ഈലോൺ ലെവി പറഞ്ഞു. യു.എസും ഇതേ നിലപാട് ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, ഗസ്സയിലെ ഭാവി സർക്കാറിൽ ഹമാസ് പങ്കാളികളാകില്ലെന്ന യു.എസ് പ്രഖ്യാപനം അംഗീകരിക്കാനാകില്ലെന്നും ഫലസ്തീനികളുടെ ഭരണം അവർതന്നെ തീരുമാനിക്കുമെന്നും ഹമാസ് വ്യക്തമാക്കി. ആദ്യം താൽക്കാലിക വെടിനിർത്തലും തൊട്ടുടൻ ശാശ്വതമായ യുദ്ധവിരാമവുമാണ് നിലവിലെ ചർച്ചകൾ. എന്നാൽ, ഒരു മാസ വെടിനിർത്തലും ബന്ദി മോചനവും മാത്രമായി ഒതുങ്ങുന്നില്ലെന്ന ഉറപ്പ് ലഭിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു.

രൂക്ഷ പോരാട്ടവും സിവിലിയൻ കുരുതിയും തുടരുന്ന ഗസ്സയിൽ 24 മണിക്കൂറിനിടെ 210 പേർ കൊല്ലപ്പെട്ടു. ഇതോടെ, മരണസംഖ്യ 25,700 ആയി. ഹമാസ് ശക്തികേന്ദ്രമായ ഖാൻ യൂനുസിൽ നാലുലക്ഷം വരുന്ന സിവിലിയന്മാർ സമ്പൂർണമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ നിർദേശിച്ചിട്ടുണ്ട്. ഇവിടെ അഭയാർഥികളായ പതിനായിരങ്ങൾ താമസിച്ച കെട്ടിടത്തിനുമേൽ മിസൈൽ പതിച്ച് നിരവധി മരണം സംഭവിച്ചതായി യു.എൻ അഭയാർഥി ഏജൻസി അറിയിച്ചു.

അതിനിടെ, ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന കേസിൽ വെള്ളിയാഴ്ച വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ദക്ഷിണാഫ്രിക്ക അറിയിച്ചു. ഗസ്സയിലെ സൈനിക നീക്കം അടിയന്തരമായി അവസാനിപ്പിക്കാനാവശ്യപ്പെട്ട് ഈ മാസാദ്യമാണ് ആഫ്രിക്കൻ രാജ്യം അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

Tags:    
News Summary - Hamas said to ‘absolutely’ reject Israeli proposal to remove leaders from Gaza: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.