ഹമാസ്
ഇസ്രയേൽ ഇനി ഗസ്സ ആക്രമിക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഉറപ്പുനൽകാനായാൽ ഭാഗിക നിരായുധീകരണത്തിന് ഹമാസ് വഴങ്ങിയേക്കുമെന്ന് സൂചനകൾ. പൂർണമായും ആയുധം ഉപേക്ഷിക്കാൻ ഹമാസ് സന്നദ്ധമാകില്ലെന്ന് ശറമുശൈഖിലെ ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്നവർക്ക് ബോധ്യമുണ്ട്. അതിനാൽ തന്നെ കുറച്ച് ആയുധങ്ങളെങ്കിലും ഉപേക്ഷിക്കാൻ ഹമാസിനെ പ്രേരിപ്പിച്ച് ചർച്ചകൾ വഴിമുട്ടാതെ നോക്കാനാണ് ശ്രമം.
ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യം വന്നാലും നേതാക്കളെല്ലാവരും കൊല്ലപ്പെട്ടാലും ആയുധം താഴെ വെക്കരുതെന്ന് നിലപാടിലാണ് ഹമാസിനുള്ളിലെ ഒരു വിഭാഗം. പക്ഷേ, നേരിയ തോതിൽ പ്രായോഗികമായി ചിന്തിക്കണമെന്ന നിലപാടുള്ളവരുമുണ്ട്. ഏതുവിധേനയും സമഗ്രമായ വെടിനിർത്തൽ കരാർ കൊണ്ടുവരാനുള്ള ശ്രമത്തിന് ഹമാസിന്‍റെ നിർബന്ധ ബുദ്ധി തടസമാകുമോ എന്ന ആശങ്ക മധ്യസ്ഥർക്കുണ്ട്. ആ സാഹചര്യത്തിലാണ് കുറച്ച് ആയുധങ്ങൾ കൈമാറാനുള്ള ധാരണക്ക് വേണ്ടിയുള്ള ആലോചന. വലിയ വിജയമായി ഇക്കാര്യം ഉയർത്തിക്കാട്ടി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന് മുഖം രക്ഷിക്കാനും അതുവഴി അവസരം കൈവരും.
യുദ്ധവിരാമ ധാരണക്ക് അപ്പുറം മറ്റ് അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ നിശ്ചിത കാലത്തേക്ക് ഗസ്സക്ക് പുറത്ത് ആയുധങ്ങൾ ഉപയോഗിക്കില്ലെന്ന ഉറപ്പുനൽകാനും ഹമാസ് തയാറായേക്കും. ഇസ്രയേൽ പ്രാദേശികമായി വളർത്തിക്കൊണ്ടുവരുന്ന കൂലിപ്പടയുടെ ഭീഷണി നേരിടണമെങ്കിൽ ആയുധങ്ങളില്ലാതെ കഴിയില്ലെന്നാണ് ഹമാസിന്‍റെ വാദം. തുരങ്കങ്ങളും ഭൂഗർഭ കേന്ദ്രങ്ങളുമുൾപ്പെടെ ഹമാസ് നിർമിച്ച സംവിധാനങ്ങൾ മുഴുവൻ സ്വതന്ത്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ നശിപ്പിക്കണമെന്നും കരാറിലുണ്ട്. എത്രത്തോളം ഇതിനൊക്കെ ഹമാസ് വഴങ്ങുമെന്ന് കാണാനിരിക്കുന്നതേയുള്ളു.
കരാർ യാഥാർഥ്യമായാൽ അതിന്‍റെ പ്രഖ്യാപനത്തിന് ട്രംപ് പശ്ചിമേഷ്യയിൽ എത്തുമെന്നും സൂചനയുണ്ട്. ഇസ്രയേലും ഈജിപ്തും ട്രംപിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. യു.എസ് പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന് ഒരുങ്ങാൻ ബന്ധപ്പെട്ട വിഭാഗങ്ങളോട് ഇസ്രയേൽ സർക്കാർ തലത്തിൽ നിർദേശം നൽകിയതായും ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.