സെൻട്രൽ ഗസ്സയിൽ ഹമാസ് -ഇസ്രായേൽ പോരാട്ടം; അഭയാർഥി ക്യാമ്പുകളിൽ ഷെല്ലാക്രമണം നടത്തി

ഗസ്സ: സെൻട്രൽ ഗസ്സയിൽ ഇസ്രായേൽ സൈന്യവും ഹമാസും കനത്ത പോരാട്ടത്തിൽ. സെൻട്രൽ ഗസ്സയിലെ അൽ മുഗ്റഖ, ശൈഖ് ഇജ്‍ലിൻ ഭാഗങ്ങളിൽ കഴിഞ്ഞ രാത്രി മുതൽ ഇസ്രായേൽ തുടർച്ചയായ ബോംബാക്രമണം നടത്തുന്നുണ്ട്.

അതേസമയം, ഹമാസ് പോരാളികളുടെ ആക്രമണത്തിൽ ഇസ്രായേൽ സൈനികർക്കും കാര്യമായ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. തുരങ്ക കവാടങ്ങളും മോർട്ടാർ ലോഞ്ചുകളും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.

24 മണിക്കൂറിനിടെ 28 ഫലസ്തീനികൾ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു. 51 പേർക്ക് പരിക്കേറ്റു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 34,596 ആയി. 77,816 പേർക്ക് പരിക്കേറ്റു. നുസൈറാത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ഷെല്ലാക്രമണം നടത്തി.

പത്ത് അഭയാർഥികൾക്ക് പരിക്കേറ്റു. ഇവരെ അൽ ഔദ, അൽ അഖ്സ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റഫയിൽ ഇസ്രായേൽ നിരീക്ഷണ ഡ്രോണുകൾ പറത്തുന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നുണ്ട്. കരയാക്രമണത്തിന്റെ മുന്നോടിയാണോ ഇതെന്ന ആശങ്കയുണ്ട്.

അതിനിടെ വെടിനിർത്തൽ -ബന്ദി മോചന കരാറിലെത്താൻ ഈജിപ്തിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല -ഇസ്രായേൽ ഏറ്റുമുട്ടലും ശക്തമാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസം 15 ഫലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്തു. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.

റാമല്ല, നബ് ലുസ്, ഹിബ്രോൺ, തുൽകറം, ജറൂസലം എന്നിവിടങ്ങളിൽനിന്നാണ് ഫലസ്തീനികളെ അറസ്റ്റ് ചെയ്തത്. അതേസമയം, ബന്ദിമോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേലിനകത്ത് സമരം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ജറൂസലം -തെൽ അവീവ് ഹൈവേ ഉപരോധിച്ചു.

Tags:    
News Summary - Hamas-Israel conflict in central Gaza; Refugee camps were shelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.