ഗസ്സ ഐക്യദാർഢ്യ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിൽനിന്ന് ഇസ്രായേൽ സേന കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ച സ്വീഡിഷ് പരിസ്ഥിതി-മുനഷ്യാവകാശ പ്രവർത്തക ഗ്രെറ്റ ത്യുൻബെറിയും സംഘവും തലസ്ഥാന നഗരമായ സ്റ്റോക്ഹോം വിമാനത്താവളത്തിലെത്തിയപ്പോൾ. ഇസ്രായേൽ സേനയിൽനിന്ന് അധിക്ഷേപവും ഭീഷണിയും ഏൽക്കേണ്ടിവന്നതായി
ഗ്രെറ്റ ആരോപിച്ചിരുന്നു
കൈറോ: ഈജിപ്തിലെ ശറമുശ്ശൈഖിൽ അമേരിക്ക, ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ഹമാസ്- ഇസ്രായേൽ വെടിനിർത്തൽ ചർച്ചകളിൽ തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിച്ച് ഹമാസ്. ഗസ്സയിലെ ഭരണകക്ഷിയായ ഹമാസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇവയാണ്: ശാശ്വതവും സമഗ്രവുമായ വെടിനിർത്തൽ, ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ സമ്പൂർണ പിന്മാറ്റം, ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ സഹായങ്ങൾക്ക് പ്രവേശനം അനുവദിക്കൽ, അഭയാർഥികളായവർക്ക് വീടുകളിലേക്ക് മടക്കം, ഫലസ്തീനികൾ മാത്രമുള്ള ഉദ്യോഗസ്ഥരുടെ സമിതിയുടെ മേൽനോട്ടത്തിൽ ഗസ്സയുടെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങൽ, ന്യായമായ തടവുകാരുടെ കൈമാറ്റ കരാർ.
ഗസ്സയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കുന്ന കരാറിനുള്ള എല്ലാ തടസ്സങ്ങളും മറികടക്കുന്ന നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് ഹമാസ് വക്താവ് ഫൗസി ബർഹൂം പറഞ്ഞു. ചൊവ്വാഴ്ചയാണ് ഈജിപ്ത് നഗരമായ ശറമുശ്ശൈഖിൽ ചർച്ചകൾക്ക് തുടക്കമായത്. ചർച്ചകളിലെ വിഷയങ്ങൾ തീരുമാനിക്കുന്ന പ്രാരംഭ ചർച്ചകൾ തിങ്കളാഴ്ച നാലു മണിക്കൂർ നീണ്ടു. ഹമാസ് നിയന്ത്രണത്തിലുള്ള ബന്ദികളുടെ മോചനം നടക്കുന്നതോടെ വെടിനിർത്തലും പ്രാബല്യത്തിലാകുമെന്നാണ് അമേരിക്കയുടെയും മറ്റു മധ്യസ്ഥരുടെയും നിലപാട്. ഇതിനു തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം നടപ്പാക്കേണ്ട ആവശ്യങ്ങളാണ് പുതുതായി സമർപ്പിച്ചത്. ഫലസ്തീനികളുടെ ഭരണം സമ്പൂർണമായി ഫലസ്തീനികൾക്ക് മാത്രമാകണമെന്ന ആവശ്യം ഖത്തറടക്കം അറബ് രാജ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
സെപ്റ്റംബർ 29ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 20ഇന പദ്ധതിയിൽ ഫലസ്തീനികൾക്ക് പകരം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി െബ്ലയർ നേതൃത്വം നൽകുന്ന അന്താരാഷ്ട്ര സമിതിക്കാകും ഇടക്കാല ചുമതല. ഈജിപ്തിലെ ചർച്ചകളിൽ യു.എസ് പ്രതിനിധികളായി പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരെദ് കുഷ്നറും ബുധനാഴ്ച മുതൽ പങ്കാളികളാകും. ഇരുവരും ഈജിപ്തിലെത്തിയിട്ടുണ്ട്. നിലവിൽ സാങ്കേതിക ചർച്ചകളാണ് പുരോഗമിക്കുന്നതെന്നും ഇതു പൂർത്തിയാകുന്ന മുറക്ക് യഥാർഥ ചർച്ച തുടങ്ങുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. ഖാൻ യൂനുസിൽ മൂന്ന് സ്ത്രീകളുൾപ്പെടെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.