തെൽ അവീവ്: ഗസ്സയിൽ വെടിനിർത്തലിന് അമേരിക്ക സമർപ്പിച്ച നിർദേശത്തിൽ ഭേദഗതിയാവശ്യപ്പെട്ട് ഹമാസ്. യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇത് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി. ബന്ദി മോചനത്തിന്റെ സമയം, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, ഗസ്സയിൽ സഹായ വസ്തുക്കൾ എത്തിക്കൽ, ഇസ്രായേൽ കരാർ ലംഘിക്കില്ലെന്ന് അമേരിക്ക ഉറപ്പുനൽകൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഹമാസിന്റെ നിർദേശമെന്നാണ് റിപ്പോർട്ട്.
സ്ഥിരമായ വെടിനിർത്തൽ ലക്ഷ്യമിട്ടാണ് ഭേദഗതി നിർദേശിച്ചതെന്ന് ഹമാസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ജീവിച്ചിരിക്കുന്ന ബന്ദികളിൽ പകുതി പേരെയും മരിച്ചവരിൽ പകുതി പേരുടെ മൃതദേഹവും രണ്ടുമാസത്തെ വെടിനിർത്തലിന് പകരമായി കൈമാറണമെന്ന നിർദേശമാണ് അമേരിക്ക സമർപ്പിച്ചത്. ഇത് ഇസ്രായേൽ അംഗീകരിച്ചിട്ടുണ്ട്. താൽക്കാലിക വെടിനിർത്തലിനുശേഷം ഇസ്രായേലിന് ഗസ്സയിൽ കൂട്ടക്കൊല തുടരാൻ മാത്രമേ ഈ നിർദേശം ഉപകരിക്കൂവെന്നാണ് ഹമാസ് നിലപാട്.
അതിനിടെ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ 32 ഫലസ്തീനികൾ കൊല്ലപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 31 പേർ കൊല്ലപ്പെട്ടത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ ആക്രമണത്തിലാണ്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 54,418 ആയി. 124,190 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.