ഹമാസ് നേതാവ്​ മൂസ അബു മർസൂക്ക് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി മിഖായേൽ ബോഗ്ദനോവിനൊപ്പം

റഷ്യയുടെ ക്ഷണം സ്വീകരിച്ച്​ ഹമാസ്​; ഫത്ഹുമായി മോസ്​കോയിൽ ചർച്ച നടത്തും

ഗസ്സ സിറ്റി: ആഭ്യന്തര പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഫലസ്​തീനിലെ പ്രമുഖ സംഘടനകളായ ഹമാസിനെയും ഫതഹിനെയും റഷ്യ ചർച്ചക്ക്​ വിളിച്ചു. മോസ്​കോയിൽ നടക്കുന്ന ചർച്ചയിൽ പ​ങ്കെടുക്കാനുള്ള ക്ഷണം തങ്ങൾ സ്വീകരിച്ചതായി ഹമാസ്​ അധികൃതർ അറിയിച്ചു.

ഗസ്സ ഭരിക്കുന്ന ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസും വെസ്റ്റ്ബാങ്ക് ആസ്ഥാനമായുള്ള ഫലസ്തീന്‍ അതോറിറ്റി സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ഫത്ഹും തമ്മിലുള്ള ചർച്ചക്ക്​ റഷ്യയയാണ്​ മുൻകൈയെടുക്കുന്നത്​. ചർച്ച നടത്താനുള്ള റഷ്യയുടെ ക്ഷണം അംഗീകരിച്ചതായി ഹമാസ്​ വക്താവ് ഹസീം കാസിം പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ്​ ചരിത്രപരമായ ഈ കൂടിക്കാഴ്​ചക്ക്​ വഴിയൊരുക്കുന്നത്​.

ഫത്ഹും ഹമാസും ഉൾപ്പെടെ ഫലസ്തീനിനെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകൾക്ക്​ മോസ്കോ സന്ദർശിച്ച് പരസ്പരം കൂടിയാലോചന നടത്താമെന്ന്​ സെന്‍റ്​ പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്‍റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ സഹ മന്ത്രി മിഖായേൽ ബോഗ്ദനോവ് പറഞ്ഞു. റഷ്യൻ പ്രസിഡന്‍റിന്‍റെ മിഡിൽ ഈസ്റ്റ്​, ആഫ്രിക്കൻ മേഖല പ്രത്യേക പ്രതിനിധിയാണ്​ ബോഗ്ദനോവ്.

ഫത്ഹ്​, ഹമാസ് തുടങ്ങിയ ഫലസ്​തീൻ സംഘടനകളുമായി റഷ്യ നിരന്തരം സമ്പർക്കം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. "ഫലസ്തീൻ-ഇസ്രയേൽ, ഫലസ്തീൻ-ഫലസ്തീൻ ചർച്ചകൾ നടത്തണമെന്ന്​ റഷ്യക്ക് പദ്ധതിയുണ്ട്. അവർ സന്നദ്ധമാണെങ്കിൽ ഞങ്ങൾ എല്ലായ്പ്പോഴും തയ്യാറാണ്. ഇത്തരം ചർച്ചകൾ മേഖലയിൽ സമാധാനം സ്​ഥാപിക്കാൻ ഏറെ ഉപകാരപ്രദമാകുമെന്ന്​ ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാവർക്കും സൗകര്യമുള്ള സ്​ഥലമെന്ന നിലയിൽ മോസ്കോ ചർച്ചക്ക്​ വേദിയാക്കാം. ഞങ്ങളുടെ സാന്നിധ്യത്തിലോ അല്ലാതെയോ അവർക്ക്​ ഇവിടെ ഒരുമിച്ചിരിക്കാം. എപ്പോൾ വേണമെങ്കിലും ചർച്ചക്ക്​ ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ ഒരുക്കമാണ്​" -ബോഗ്ദനോവ് പറഞ്ഞു.

Tags:    
News Summary - Hamas Accepts Russia’s Invitation to Visit Moscow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.