വ്യോമപാത തുറന്ന് ഗൾഫ് രാജ്യങ്ങൾ; വിമാനഗതാഗതം സാധാരണ നിലയിലേക്ക്

ദോഹ: ആശങ്കയുടെ മണിക്കൂറുകൾക്കുശേഷം വ്യോമപാത തുറന്ന് ഗൾഫ് രാജ്യങ്ങൾ. ഇറാന്‍റെ മിസൈൽ ആക്രമണ മുന്നറിയിപ്പിനു പിന്നാലെ ഖത്തർ തിങ്കളാഴ്ച വൈകുന്നേരം 6.45ഓടെ അടച്ച വ്യോമപാത അർധരാത്രി 12 ഓടെയാണ് തുറന്നത്.

അധികം വൈകാതെ തന്നെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരുമായി വിമാനങ്ങൾ ദോഹയിലെ ഹമദ് വിമാനത്താവളം ലക്ഷ്യമാക്കി പറന്നു തുടങ്ങി. രാത്രി 7.30ഓടെ ഇറാൻ മിസൈലുകൾ ഖത്തർ വ്യോതിർത്തിയിലെത്തിയതിനു പിന്നാലെ വിവിധ ജി.സി.സി രാജ്യങ്ങളിലും വ്യോമാതിർത്തികൾ അടച്ചതോടെ മധ്യപൂർവേഷ്യ വഴിയുള്ള വിമാനഗതാഗതം പൂർണമായും നിശ്ചലമായിരുന്നു.

ദോഹ ഹമദ് വിമാനത്താവളത്തിലേക്കും, ഇവിടെ നിന്നു പുറപ്പെടേണ്ടതുമായ വിമാനങ്ങൾ കൂട്ടമായി റദ്ദാക്കുകയും, വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. രാത്രി 12ന് വ്യോമപാത തുറന്നതിനു പിന്നാലെ വിമാന സർവിസും പതിവുപോലെ ആരംഭിച്ചു.

കുവൈത്തിലും വ്യോമ ഗതാഗതം സാധാരണ നിലയിലായി. തിങ്കളാഴ്ച രാത്രി അടച്ച വ്യോമാതിർത്തി വൈകാതെ തുറന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കുവൈത്ത് വ്യോമാതിർത്തി അടച്ചത്. 11 മണിയോടെ വ്യോമാതിർത്തി തുറക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.

രാജ്യത്തിന് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തിയതിന് ശേഷമാണ് നടപടി. പ്രാദേശിക, അന്തർദേശീയ വിദഗ്ധരുമായി സഹകരിച്ച് പ്രത്യേക സംഘങ്ങൾ നടത്തിയ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് തുറക്കൽ.

ഇതോടെ വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ഖത്തറിലെ ആക്രമണത്തിന് പിറകെ കുവൈത്തിൽ നിന്നു കേരളത്തിലേക്കുള്ളതടക്കം പുറപ്പെട്ട വിവിധ വിമാനങ്ങൾ അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. വ്യോമപാത അടച്ചതിന് പിറകെ ചില വിമാനങ്ങൾ റദ്ദാക്കുകയുമുണ്ടായി. ഇവ രാത്രി വൈകി റീഷെഡ്യൂൾ ചെയ്തു.

Tags:    
News Summary - Gulf countries open airspace; air traffic returns to normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.