ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിൽ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന റഫറൻസ് പുസ്തകമാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR). മനുഷ്യന്റെ നേട്ടങ്ങളുടെയും പ്രകൃതിയുടെ പ്രത്യേകതകളുടേയും ലോക റെക്കോർഡുകൾ ഇവർ പട്ടികപ്പെടുത്തുന്നു. ആഴ്ച്ചയിലെ ഏറ്റവും നില്ല ദിവസത്തിന് ലോക റെക്കോർഡ് നൽകാനൊരുങ്ങുകയാണ് ഗിന്നസ് അധികൃതർ. ആഴ്ച്ചയിലെ ഏറ്റവും മോശം ദിവസത്തിനുള്ള റെക്കോർഡ് നേരത്തേ തിങ്കളാഴ്ച്ചക്ക് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നടപടിയുമായി ഗിന്നസ് അധികൃതർ രംഗത്ത് എത്തിയത്. വെള്ളിയാഴ്ച്ചക്കാണ് നല്ല ദിവസത്തിനുള്ള റെക്കോർഡ് നൽകുന്നതെന്നാണ് സൂചന.
തിങ്കൾ മോശം ദിവസം
'ഞങ്ങൾ തിങ്കളാഴ്ചക്ക് ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോർഡ് ഔദ്യോഗികമായി നൽകുന്നു' എന്നാണ് കഴിഞ്ഞ ദിവസം ഗിന്നസ് അധികൃതർ ട്വീറ്റ് ചെയ്തത്. ശനിയും ഞായറുമുള്ള അവധി ദിനങ്ങൾക്കുശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലും കോളജിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തിങ്കളാഴ്ചയോട് പരക്കെ എല്ലാവർക്കും വെറുപ്പാണ്. അതാണ് മോശം എന്ന് തെരഞ്ഞെടുക്കാൻ കാരണം. ഗിന്നസിന്റെ പുതിയ പ്രഖ്യാപനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. തങ്ങളുടെ മനസ് വായിച്ച ശേഷമുള്ള റെക്കോർഡ് എന്ന തരത്തിൽ മറുപടിയാണ് ട്വീറ്റിന് ലഭിച്ചത്. തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം വന്നത് എന്നതും കൗതുകമായി.
വെള്ളിയാഴ്ച്ച നല്ല ദിവസം
തിങ്കൾ മോശം ദിവസമാണെങ്കിൽ സ്വാഭാവികമായും വെള്ളിയാഴ്ച്ച നല്ല ദിവസമായി വരണമെന്നാണ് മറ്റൊരു ട്വീറ്റിൽ ഗിന്നസ് അധികൃതർ പറഞ്ഞിരിക്കുന്നത്. എന്നാൽ റെക്കോർഡ് ഇനിയും നൽകിയിട്ടില്ല. ട്വീറ്റിന് പിന്നാലെ, ഏറ്റവും പുതിയ റെക്കോർഡിനെക്കുറിച്ചുള്ള ചിന്തകൾ പങ്കിട്ടുകൊണ്ട് നെറ്റിസൺസ് അതിനോട് പ്രതികരിച്ചു. നിരവധി ഉപയോക്താക്കൾ ഇതിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ വെള്ളിയാഴ്ചയാണ് ഏറ്റവും നല്ല ദിവസമെന്ന് ഉറപ്പിക്കുമ്പോൾ ചിലർ ശനിയാഴ്ച ആയിരിക്കണമെന്നും വാദിക്കുന്നു.'ഞങ്ങൾക്ക് ശനിയാഴ്ചയും പ്രവൃത്തി ദിവസമുണ്ട്'- ഒരു ഉപയോക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.