പ്രതീകാത്മക ചിത്രം
ഏഥൻസ്: കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗ്രീസ്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് ബുധനാഴ്ച നടത്തും. ഇന്റർനെറ്റിന്റെ ദോഷഫലങ്ങളിൽ നിന്നും കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തിന് കരുത്തുപകരുന്നതാണ് ഈ തീരുമാനം.
സോഷ്യൽ മീഡിയയിലെ അമിതമായ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കുമെന്ന് പ്രധാനമന്ത്രി മിത്സോതാക്കിസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ‘മയക്കുമരുന്നിന് അടിമയാകുന്നത് പോലെ സ്ക്രോൾ ചെയ്യുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് ഗ്രീസ് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഗ്രീസിലെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച കണക്കുകൾ ആശങ്കാജനകമാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും പ്രൈമറി സ്കൂൾ പ്രായത്തിലുള്ളവരാണ്. ഏകദേശം 75% മാണ് കണക്കുകൾ. 48% കൗമാരക്കാർ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സൈബർ ഇടങ്ങളിൽ കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച ഹെൽപ്പ്‌ലൈൻ കോളുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ബ്ലാക്ക്‌മെയിലിങ്, വ്യാജവാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവയാണ് കുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ.
മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായ സാങ്കേതിക വിദ്യയാണ് ഗ്രീസ് ഇതിനായി ഉപയോഗിക്കുന്നത്. സർക്കാരിന്റെ പ്രത്യേക ആപ്ലിക്കേഷൻ വഴി കുട്ടികളുടെ പ്രായം പരിശോധിച്ച് ഉപകരണങ്ങളിൽ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തടയുന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇതാണ് കിഡ്‌സ് വാലറ്റ് (Kids Wallet).
ഇതിലൂടെ മാതാപിതാക്കൾക്ക് കുട്ടികളുടെ സ്ക്രീൻ സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. പൊതുജനാഭിപ്രായവും ഈ തീരുമാനത്തിന് അനുകൂലമാണ്. ഫെബ്രുവരിയിൽ നടന്ന സർവ്വേയിൽ 80 ശതമാനം ആളുകളും നിരോധനത്തെ പിന്തുണച്ചു. ആസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ഗ്രീസും ഈ പാത പിന്തുടരുന്നത്. ഫ്രാൻസ്, സ്പെയിൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടികളിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.