‘മൂന്നാം ലോകത്തേക്ക് മടങ്ങൂ’: കൈകൊണ്ട് അരി ഭക്ഷണം കഴിച്ച സുഹ്‌റാൻ മംദാനിക്കെതിരെ വലതുപക്ഷ ആ​ക്രോശം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥി സുഹ്‌റാൻ മംദാനിയെ വിടാതെ പിന്തുടർന്ന് അമേരിക്കൻ വലതുപക്ഷം. സ്ഥാനാർത്ഥി കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോക്കെതിരെയാണ് ഇപ്പോൾ അവരുടെ ആക്രോശം. മംദാനിയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്ന ഫൂട്ടേജ്, തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ ചാനലുകളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.

ട്രംപ് അനുകൂലികളുടെ പേജായ ‘എൻഡ് വോക്കെനെസ്’ പ്രചരിപ്പിക്കുന്ന ക്ലിപ്പിൽ ദക്ഷിണേഷ്യൻ-ആഫ്രിക്കൻ സംസ്കാരങ്ങളിൽ സർവ സാധാരണമായ രീതിയിൽ, മംദാനി കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതായി കാണിക്കുന്നു. ‘മൂന്നാം ലോകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് തന്റെ ലോകവീക്ഷണമെന്നും കൈകൊണ്ട് അരിഭക്ഷണം കഴിക്കുന്നുവെന്നും സുഹ്‌റാൻ പറയുന്നു’ എന്ന അടിക്കു​റിപ്പോടെയാണ് വിഡിയോ പ്രചരിപ്പിക്കുന്നത്.

‘അമേരിക്കയിലെ പരിഷ്കൃതരായ ആളുകൾ ഇതുപോലെ ഭക്ഷണം കഴിക്കില്ല. നിങ്ങൾ പാശ്ചാത്യ ആചാരങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ മൂന്നാം ലോകത്തേക്ക് മടങ്ങുക’ എന്നാണ് ഇതിനെതിരിൽ ഉയർന്ന തീവ്രമായ വിമർശനങ്ങളിൽ ഒന്ന്. ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയായ ബ്രാൻഡൻ ഗിൽ വിഡിയോ റിപോസ്റ്റ് ​ചെയ്തുകൊണ്ടാണ് പ്രസ്തുത പരമാർ​ശം നടത്തിയത്. മംദാനിയെ നാടുകടത്തണമെന്ന് ആഹ്വാനം ചെയ്തും അദ്ദേഹം സാംസ്കാരിക പിന്നാക്കാവസ്ഥയിലാണെന്ന് ആരോപിച്ചും ‘എക്‌സി’ലും ‘ഇൻസ്റ്റാഗ്രാമി’ലും ട്രംപ് അനകൂലികൾ രംഗത്തുവന്നു.

എന്നാൽ, ‘വിജാതീയരെ വെറുക്കുന്ന ആക്രമണങ്ങൾ’ക്കെതിരെ മംദാനിയുടെ അനുയായികൾ അദ്ദേഹത്തെ പ്രതിരോധിച്ചു. ‘കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിൽ തെറ്റൊന്നുമില്ല. അരിയോ റൊട്ടിയോ ഇത്തരത്തിൽ കഴിക്കുന്നതിൽ തെറ്റില്ല. ശരിയായി ചെയ്താൽ അത് ശുചിത്വമുള്ളതും മനോഹരവുമാണ്. ഞങ്ങൾ എല്ലായ്പ്പോഴും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നു’വെന്ന് ‘ഗോഡ്‌സ് ഇൻ എക്സൈൽ ആൻഡ് ഇന്ത്യൻ റിനൈസൻസ്: ദി മോദി ഡിക്കേഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവായ അവതാൻസ് കുമാർ ‘എക്‌സി’ൽ എഴുതി. എന്നാൽ, കുമാർ മംദാനിയുടെ പ്രചോദനത്തെ ചോദ്യം ചെയ്യുകയുമുണ്ടായി ‘ സുഹ്റാൻ മംദാനി അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ചലച്ചിത്ര നിർമാതാവും ഒരു കൊളംബിയ പ്രഫസറുടെ മകനുമാണ്. അദ്ദേഹം ഒരു തരത്തിലും ദരിദ്രനല്ല. മൂന്നാം ലോകക്കാർ എന്ന് വിളിക്കപ്പെടുന്നവരെ അദ്ദേഹത്തിന്റെ പ്രവൃത്തികൾ അപമാനിക്കുന്നുവെന്നും’ കുമാർ പ്രതികരിച്ചു.

ഈ മാസം ആദ്യം ‘ബോൺ അപ്പെറ്റിറ്റിന്’ നൽകിയ അഭിമുഖത്തിൽ 33 കാരനായ മംദാനി തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് പരാമർശങ്ങൾ നടത്തിയിരുന്നു. കൈകൊണ്ട് ഭക്ഷണം കഴിച്ച് വളർന്നതിനെക്കുറിച്ചും പൊതുപ്രവർത്തകനെന്ന നിലയിൽ പോലും അത് തുടരുന്നതിനെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. ഇന്ത്യൻ മാതാപിതാക്കൾക്ക് ഉഗാണ്ടയിൽ ജനിച്ച മംദാനി താൻ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന ചോദ്യം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും ഉഗാണ്ടയിൽ ഞങ്ങൾ സാലഡ് പോലും കൈകൊണ്ട് കഴിക്കാറുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേ അഭിമുഖത്തിൽ ഭക്ഷണം തന്റെ ലോകവീക്ഷണത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് മംദാനി ഊന്നിപ്പറഞ്ഞു. ‘ഞാൻ  ഒരു ഭക്ഷണപ്രിയനാണ്. എന്നാൽ, ഭക്ഷണം എനിക്ക് ഒരു സാംസ്കാരിക ആചാരമല്ലെന്നും ഒരു രാഷ്ട്രീയ കണ്ണടയാണെന്നും അത് കുടിയേറ്റത്തിന്റെ കഥ പറയുന്നുവെന്നും പോരാട്ടങ്ങളും സന്തോഷങ്ങളും അടയാളപ്പെടുത്തുന്നുവെന്നും’ അദ്ദേഹം നിലപാട് വ്യക്തമാക്കുകയുമുണ്ടായി.

Tags:    
News Summary - ‘Go back to Third World’: Zohran Mamdani eats with hands, ignites culture war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.