ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ ഗസ്സയിലെ എല്ലാ സഹായ വിതരണ കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നതായി ജി.എച്ച്.എഫ്

ഗസ്സ സിറ്റി: ഗസ്സയിലെ എല്ലാ സഹായ വിതരണ കേന്ദ്രങ്ങളും വീണ്ടും അടച്ചുപൂട്ടുന്നതായും ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ തുറക്കില്ലെന്നും ഇസ്രായേലിന്റെയും യു.എസിന്റെയും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ.

പട്ടിണിയിൽ വലഞ്ഞ് ഭക്ഷണത്തിനായി കാത്തു കിടക്കുന്ന ജനതയോട് സുരക്ഷക്കായി ഈ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവർ പറഞ്ഞു. മുസ്‍ലിംകളുടെ ആഘോഷ ദിനമായ ഈദുൽ അദ്ഹയുടെ ദിനത്തിലാണ് ഏറ്റവും പുതിയ അടച്ചുപൂട്ടൽ അറിയിപ്പ്.

സഹായ കേന്ദ്രങ്ങൾക്കു സമീപമുണ്ടായ ഇസ്രായേൽ സൈന്യത്തിന്റെ മാരകമായ വെടിവെപ്പിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും നിരവധി ​പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് ഈ ആഴ്ചയുടെ തുടക്കത്തിൽ അവർ സഹായ വിതരണം നിർത്തി​വെച്ചിരുന്നു. എന്നാൽ, റഫ പ്രദേശത്തെ രണ്ടിടത്ത് ഇന്നലെ വീണ്ടും തുറന്നു. അവിടെ 25,000 പെട്ടിയോളം ഭക്ഷണം വിതരണം ചെയ്തതായി ജി.എച്ച്.എഫ് അറിയിച്ചു. ഇനിയതും ഉണ്ടാവില്ല. 

മൂന്നു മാസം പിന്നിട്ട ഇസ്രായേൽ ഉപരോധത്തിൽ ഗസ്സയിൽ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയർന്നതായും ഇപ്പോൾ 2,700 ൽ അധികം പേരെ ബാധിച്ചതായും യു.എൻ പറയുന്നു.

അതിനിടെ, ഗസ്സയിലെ കുട്ടികൾ കഴിയുന്ന അൽ അഖ്‌സ ആശുപത്രി സന്ദർശിക്കുന്നതിനിടെ അനുഭവിച്ച മാനസിക ആഘാതത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഫണ്ട് വക്താവ് ജെയിംസ് എൽഡർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ രണ്ടു ദിവസം മുമ്പ് നടന്ന വ്യോമാക്രമണത്തിൽ അരക്ക് താഴേക്ക് തളർന്നുപോയ 11 വയസ്സുകാരി ജിനയുടെ കഥ എൽഡർ പറഞ്ഞു.

തനിക്ക് എന്താണ് സംഭവിച്ചതെന്ന് ജിനക്ക് ഇപ്പോഴും പൂർണമായും അറിയില്ല. അവൾ കടുത്ത നിരാശയിലാണ്. ഇവിടെ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, അവൾക്ക് വൈദ്യസഹായം ലഭിക്കില്ല. അവളുടെ പക്ഷാഘാതത്തിന് നിലവിൽ ചികിത്സ ലഭ്യമാക്കാൻ ഒരു വഴിയുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും അദ്ദേഹം വേദനയോടെ പങ്കുവെച്ചു.

ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം 50,000 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുനിസെഫിന്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ ക്ലാസ് മുറിയിലും 25 കുട്ടികളെവെച്ച് കണക്കാക്കിയാൽ 2,000 ക്ലാസ് മുറികൾക്ക് തുല്യമായ കുട്ടികളെ ഈ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് അതിനർത്ഥം. അതിനാൽ, ഈ ദുരന്തം അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - GHF announces closure of all Gaza aid distribution sites until further notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.