ബെർലിൻ: ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിന് മൂന്നുമാസം മുമ്പ് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുന്നതായി ജർമനി. ഗസ്സയിലെ യുദ്ധത്തിന് ഉപയോഗിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ആഗസ്റ്റിൽ സൈനികോപകരണങ്ങൾ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗസ്സ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ മന്ത്രിസഭ അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്.
നവംബർ 24 മുതൽ നിയന്ത്രണം പിൻവലിക്കുമെന്ന് ചാൻസലർ ഫ്രെഡറിക് മെർസിന്റെ വക്താവ് സ്റ്റീഫൻ കൊർണേലിയൂസ് പറഞ്ഞു. ഗസ്സയിലെ വെടിനിർത്തൽ കരാർ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 'ഒക്ടോബർ 10 മുതൽ ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ട്, അത് അടിസ്ഥാനപരമായി സ്ഥിരത കൈവരിച്ചു. എല്ലാവരും എത്തിച്ചേർന്ന കരാറുകൾ പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' -അദ്ദേഹം പറഞ്ഞു.
അതേസമയം, വെടിനിർത്തൽ നിലവിൽ വന്ന് ആഴ്ചകളായിട്ടും ഗസ്സയിൽ ഇസ്രായേൽ വേട്ട തുടരുകയാണ്. ഖാൻ യൂനുസിൽ നടന്ന ബോംബിങ്ങിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. മൂന്നു ദിവസത്തിനിടെ 17 മൃതദേഹങ്ങൾ ഗസ്സയിലെ ആശുപത്രികളിലെത്തിയതോടെ ഇസ്രായേൽ അധിനിവേശത്തിൽ മരണസംഖ്യ 69,483 ആയി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നടത്തിയ തിരച്ചിലിലാണ് 15 മൃതദേഹങ്ങൾ ലഭിച്ചത്.
കഴിഞ്ഞ മാസം വെടിനിർത്തൽ നടപ്പായ ശേഷം മാത്രം ഗസ്സയിൽ 266 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ, ദക്ഷിണ ലബനാനിൽ ഇസ്രായേൽ അധിനിവേശം നടത്തിയ ഭൂമിയിൽ പുതുതായി നിർമിക്കുന്ന മതിലിനെതിരെ യു.എൻ രക്ഷാസമിതിയിൽ പരാതി നൽകുമെന്ന് ലബനാൻ സർക്കാർ അറിയിച്ചു. നാലു ചതുരശ്ര കിലോമീറ്റർ ഭൂമി ഇതോടെ ലബനാൻ ജനതക്ക് നിഷേധിക്കപ്പെട്ടതായി ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.