പുറത്തേക്കുന്തിയ വാരിയെല്ലുകൾ, വീർത്ത വയറ്; പോഷകക്കുറവനുഭവിക്കുന്ന കുഞ്ഞുങ്ങളാൽ വീർപ്പുമുട്ടി ഗസ്സയിലെ ആശുപത്രി

ഖാൻ യൂനിസ്: മകളുടെ ദുർബലമായ കൈയിൽ പിടിച്ചുകൊണ്ട് ഖാൻ യൂനിസിലെ നാസർ ആശുപത്രി മുറിയിലിരിക്കുകയാണ് ആ മാതാവ്. ഗസ്സയിലെ പ്രധാന ആശുപത്രിയാണിത്. രണ്ടു വയസുകാരി അസ്മ അൽ അർജയുടെ വാരിയെല്ലുകൾ പുറത്തേക്കുന്തി നിൽക്കുന്നുണ്ട്. വയറുകൾ വീർത്തിരിക്കുന്നു. വെറുതെയെന്നോണം അവളുടെ ദേഹത്തേക്ക് ഉടുപ്പ് വലിച്ചിടാനും ആ ശ്രമിക്കുന്നുണ്ട്. നന്നായി വിറയ്ക്കുന്നുണ്ട് ആ പെൺകുരുന്ന്.

പോഷഷക്കുറവ് അനുഭവിക്കുന്ന കുഞ്ഞുങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ഗസ്സയിലെ ആശുപത്രികൾ. അസ്മക്ക് സീലിയാക് ഡീസീസ് എന്ന ഓട്ടോ ഇമ്മ്യൂണ് ഡിസോർഡർ ഉണ്ട്. ഗൂട്ടൻ കഴിക്കാൻ കഴിയില്ല. അതിനാൽ ​പ്രത്യേക ഭക്ഷണം ആവശ്യമാണ്. ഗസ്സയിൽ അവർക്കത് കിട്ടുന്നില്ല. അസ്മക്ക് ഡയപ്പറുകളും സോയ പാലും പ്രത്യേക ഭക്ഷണവും വേണം. അതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ ഈ സാധനങ്ങളൊന്നും കിട്ടുന്നില്ല. മാത്രമല്ല, വിലയേറിയതായതിനാൽ ആ കുടുംബത്തിന് വാങ്ങാനും കഴിയില്ല.

യു.എൻ ചിൽഡ്രൻസ് ഏജൻസിയുടെ കണക്കനുസരിച്ച് ഈ വർഷം പോഷകാഹാരക്കുറവിന് ഗസ്സയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത് 9000ത്തിലേറെ കുട്ടികളാണ്. ഇസ്രായേൽ സൈനിക നടപടി അവസാനിപ്പിച്ച് ഉപരോധം പൂർണമായി പിൻവലിച്ചില്ലെങ്കിൽ ഗസ്സ കൂടുതൽ ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഉപരോധം ഒഴിവാക്കിയെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോഴും ഫലസ്തീനികൾക്ക് ആവശ്യത്തിന് സഹായം എത്തുന്നില്ല. രണ്ടുമാസത്തിലേറെയായി സമ്പൂർണ ഉപരോധത്തിലാണ് ഗസ്സ. അവശ്യസാധനങ്ങളും മരുന്നുകളും എത്തുന്നേയില്ല. പോഷകക്കുറവ് മൂലം നിരവധി കുട്ടികൾ ഇതിനകം മരണത്തിന് കീഴടങ്ങി. എന്നാൽ അടുത്തിടെയുണ്ടായ വെടിനിർത്തലിനോടനുബന്ധിച്ച് 600 ഓളം ട്രക്കുകൾ ഗസ്സയിലേക്ക് എത്തിയെന്നും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം. അതേസമയം, ഇത് വളരെ അപര്യാപത്മാണെന്ന് യു.എൻ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.

പട്ടിണി പ്രതിസന്ധികളുടെ തീവ്രതയെക്കുറിച്ചുള്ള പ്രമുഖ അന്താരാഷ്ട്ര അതോറിറ്റിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ, ഇപ്പോൾ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏകദേശം 71,000 പോഷകാഹാരക്കുറവുള്ള കുട്ടികൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, വരും മാസങ്ങളിൽ ഏകദേശം 17,000 ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കടുത്ത പോഷകാഹാരക്കുറവിന് ചികിത്സ ആവശ്യമായി വരുമെന്നും വിലയിരുത്തുന്നു.

Tags:    
News Summary - Gaza’s main hospital is overwhelmed with children in pain from malnutrition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.