ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുസ്തകങ്ങൾ ശേഖരിക്കുന്ന ഫലസ്തീനി കുട്ടി

ഗസ്സ: പ്രമേയം മയപ്പെടുത്തിയാൽ പിന്തുണക്കാമെന്ന് യു.എസ്; സമവായ നീക്കം വിജയിച്ചാൽ പ്രമേയം പരിഗണനക്കെത്തും

ന്യൂയോർക്: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിലെ വാചകത്തെച്ചൊല്ലി തർക്കം. സമവായത്തിലെത്താനാകാത്തതിനാൽ നാലുതവണ മാറ്റിവെച്ച പ്രമേയാവതരണം നീളുകയാണ്. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിലെ വാചകങ്ങൾ മയപ്പെടുത്തിയാൽ പിന്തുണക്കാമെന്നാണ് യു.എസ് നിലപാട്. എന്നാൽ, വാചകങ്ങൾ മാറ്റുന്നതിൽ കൂടുതൽ ചർച്ച വേണമെന്നാണ് റഷ്യ അടക്കം രക്ഷാസമിതി അംഗരാജ്യങ്ങളുടെ ആവശ്യം. സമവായ നീക്കം വിജയിച്ചാൽ പ്രമേയം ഉടൻ രക്ഷാസമിതിയുടെ പരിഗണനക്കെത്തും.

യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിലെ ‘ഇസ്രായേൽ- ഫലസ്തീൻ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമം’ എന്ന വാചകം യു.എസ് സമ്മർദത്തെത്തുടർന്ന് ഒഴിവാക്കി ‘സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉടനടി അനുവദിക്കാനുള്ള അടിയന്തര നടപടികൾക്കൊപ്പം ശത്രുത സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക’ എന്നാക്കി മാറ്റിയിരുന്നു. ഇതിലാണ് മറ്റു രാജ്യങ്ങൾ എതിർപ്പ് അറിയിച്ചത്. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു. ഇത്തവണ വീറ്റോ ഒഴിവാക്കാനാണ് മയപ്പെടുത്തൽ ശ്രമങ്ങൾ നടക്കുന്നത്.

അതേസമയം, സിവിലിയന്മാർക്കുനേരെയുള്ള അതിക്രമത്തെ അപലപിക്കുന്ന വാചകങ്ങൾ ഒഴിവാക്കി പ്രമേയം പാസാക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് അന്താരാഷ്ട്രതലത്തിൽ വിമർശനം ഉയരുന്നുണ്ട്. വെടിനിർത്തലില്ലാതെ ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും നിരപരാധികൾക്കുമേൽ അതിക്രമം തുടരാനുള്ള അനുവാദമാണ് ഇതിലൂടെയുണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, ജബലിയയിലും ഖാൻ യൂനുസിലും ഇസ്രായേൽ സേന ശക്തമായി തുടരുന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജബലിയയിലെ ആംബുലൻസ് കേന്ദ്രം തകർത്തു. ജീവനക്കാരെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇസ്രായേൽ സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയതായി അൽഖുദ്സ് ബ്രിഗേഡ് അറിയിച്ചു.

യുദ്ധം ആരംഭിച്ചതുമുതൽ 720 സൈനിക വാഹനങ്ങൾ തകർത്തതായി അൽഖസ്സാം ബ്രിഗേഡും അറിയിച്ചു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. 53,320 പേർക്ക് പരിക്കേറ്റു. അൽ അഖ്സ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅക്കെത്തിയവരെ ഇസ്രായേൽ സേന തടഞ്ഞത് സംഘർഷത്തിനിടയാക്കി. വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ സൈനികരും ഫലസ്തീനികളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.