മരണം തലക്കു മുകളിൽ നിഴലാട്ടം നടത്തുമ്പോൾ ഒരു നരകത്തിൽനിന്ന് മറ്റൊന്നിലേക്ക് പായുന്നവർ; നിർമിത മാനുഷിക ദുരന്തത്തിൽ വിറങ്ങലിച്ച് ഗസ്സ

നുഷ്യർ ഭൂമിയിൽ അനുഭവിക്കുന്ന ഏറ്റവും മോശം അവസ്ഥയെ വിശേഷിപ്പിക്കുന്നത് ‘നരകസമാനം’ എന്ന വാക്കിലൂടെയാണ്. അതിനപ്പു​റത്തേക്ക് മറ്റൊന്നില്ല എന്നർഥം. എന്നാൽ, ഒരു നരകമല്ല ആയിരക്കണക്കിന് നരകങ്ങളാണ് ഇസ്രായേൽ ഗസ്സ എന്ന കൊച്ചു ഭൂഭാഗത്ത് തീർത്തുകൊണ്ടിരിക്കുന്നത്. അതിനെ വിവരിക്കാൻ മനുഷ്യൻ നിർമിച്ച നിഘണ്ടുവിൽ വാക്കുകൾ ഇല്ലാതായിരിക്കുന്നു.

തീയുണ്ടകൾ പെയ്യിക്കുന്ന നിരന്തരമായ നടുക്കങ്ങൾക്കും പട്ടിണിക്കും പാലായനങ്ങൾക്കും പുറമെ, ഓരോ നിമിഷത്തിലും പരിഹാസത്തിനും നിന്ദ്യതക്കും ആ ജനത ഇരകളാക്കപ്പെടുന്നു. അത് മറയില്ലാതെ ലോകത്തിന്റെ മുന്നിൽ വെളിവാക്കുന്നു അവിടെ നിന്നുള്ള കാഴ്ചകൾ. 

രണ്ട് തൂണുകൾക്കിടയിൽ തുണി വലിച്ചു കെട്ടിയ താൽക്കാലിക മറക്കു പിന്നിൽ ഒരു യുവതി കണ്ണീർ തൂവി നിൽക്കുന്നു. സിൽവിയ അൽ ഷുറാഫി എന്നാണവളുടെ പേര്. ഒരു മൃഗത്തിന് പോലും മാനുഷിക മേഖല എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് അതിജീവിക്കാൻ കഴിയില്ലെന്ന് സിൽവിയ ആണയിടുന്നു. ഇവിടുത്തെ ടെന്റുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു, ഇത് സുരക്ഷയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു.

 ഗസ്സ നഗരം പൂർണ്ണമായി കൈവശപ്പെടുത്താൻ ഇസ്രായേൽ തിരക്കിട്ട് നീങ്ങുകയാണ്. പ്രദേശങ്ങൾ കൂടുതൽ കൂടുതൽ അഭയാർഥികളെക്കൊണ്ട് നിറയുന്നതിനാൽ സ്ഥിതി കൂടുതൽ വഷളാകുകയാണെന്നാണ് തെക്കൻ ഗസ്സയിലെ ഇസ്രായേൽ നിയുക്ത മാനുഷിക മേഖലയിലെ ഫലസ്തീനികൾ പറയുന്നത്. 

ഈ ആഴ്ചയുടെ തുടക്കത്തിൽ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതയായതാണ് സിൽവിയയും കുടുംബവും. ‘അവർ അറിയിച്ച ഈ മാനുഷിക മേഖലകളിൽ വെള്ളവും ടെന്റുകളും ഉണ്ടാകുമെന്ന് ഞങ്ങൾ കരുതി. ജീവൻ രക്ഷിക്കാൻ ഞങ്ങൾ നിർബന്ധിതരായി. പക്ഷേ, ഒടുവിൽ തെരുവിൽ ജീവിക്കേണ്ടി വരുന്നു. ഇത് വളരെ അന്യായമാണെന്ന്’ രണ്ട് കുട്ടികളുടെ മാതാവ് ​വേദനയോടെ കൂട്ടിച്ചേർക്കുന്നു. 

‘എന്റെ കുട്ടികൾ വളരെ ദുർബലരായിരിക്കുന്നു. അവർ കാണുന്നതിലും കേൾക്കുന്നതിലും എല്ലാം അസ്വസ്ഥരാണ്. എന്റെ ഇളയ കുട്ടിക്ക് വിക്ക് ഉണ്ടായിരുന്നു. അവന് എപ്പോഴും പിരിമുറുക്കവും ഭയവുമാണ്. മുമ്പ് നമ്മൾ ഭക്ഷണത്തെക്കുറിച്ച് മാത്രമായി ചിന്തിച്ചിരുന്നില്ല. ഇപ്പോൾ അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അത് അതിജീവനമാണ്. ജീവിതം വളരെ കഠിനമാണ്.  വിവരണാതീതമാണ്. നമ്മൾ ദൈവത്തിന്റെ ഓർമയിൽ മാത്രമാണ് ജീവിക്കുന്നത്’ -സിൽവിയ തുടർന്നു.

 അൽ ഖരാരയിലെ ടെന്റിൽ പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കൊണ്ടുവന്നതായി സമീപത്തെ ഖാൻ യൂനിസിലുള്ള നസർ ആശുപത്രിയിലുള്ളവർ പറഞ്ഞു. മെച്ചപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് ഗസ്സ നഗരവാസികളോട് ഖാൻ യൂനിസിനടുത്തുള്ള അൽ മവാസിയിലേക്ക് പോകാൻ ഇസ്രായേൽ സൈന്യം തന്നെയാണ് ഉത്തരവിട്ടത്. ഇതുകേട്ട് തിരക്കേറിയ വഴികളിലൂടെ മണിക്കൂറുകളോളം നടക്കുകയോ ഗതാഗതത്തിനായി നൂറുകണക്കിന് ഡോളർ നൽകുകയോ ചെയ്ത് ദുഷ്‌കരമായ യാത്ര ചെയ്യുന്നവർ ഭക്ഷണവും പാർപ്പിടവും കണ്ടെത്താൻ പാടുപെടുകയാണ്.

ദിവസം ചെല്ലുന്തോറും സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണെന്ന് അൽ മവാസി ക്യാമ്പ് സന്ദർശിച്ച ശേഷം യു.എന്നിന്റെ മാനുഷിക കാര്യാലയത്തിന്റെ വക്താവ് ഓൾഗ ചെറെവ്കോ പറയുന്നു. ക്യാമ്പുകൾ നിറഞ്ഞിരിക്കുന്നു. ‘വടക്കു നിന്ന് വരുന്ന ആളുകൾ എവിടേക്ക് പോകണമെന്ന് അറിയാതെ തെരുവുകളുടെ വശങ്ങളിൽ ഇരിക്കുന്നു. ഷെൽട്ടറുകളിൽ ഉള്ളവർ ക്ഷീണിതരാണ്. ടെന്റുകൾ ദൂരത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തവിധം വളരെ ഭാരമുള്ളതുമാണ്’ - അവർ ദുരിതാവസ്ഥ വിവരിച്ചു.

ഗസ്സ നഗരത്തിന്റെ വടക്കുള്ള ജബലിയയിൽ നിന്നുള്ള അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തെ കണ്ടുമുട്ടിയതായി ചെറെവ്കോ വിവരിക്കുന്നു. നാലു ദിവസമായി തെക്ക് ഒരു അഭയം കണ്ടെത്താനുള്ള ശ്രമത്തിലാണവർ. അവരുടെ കൈവശം രണ്ട് ബാഗ് സാധനങ്ങൾ മാത്രമേ ഉള്ളൂ. അവർ ഒരു വൈക്കോൽ പായ പങ്കിട്ടുകൊണ്ട് പുറത്ത് തുറന്ന സ്ഥലത്ത് ഉറങ്ങുകയായിരുന്നു. മാസങ്ങളായി കുടിയിറക്കപ്പെട്ടിട്ട്. അവരുടെ പിതാവിന്റെ കയ്യിൽ പണമോ കാലിൽ ചെരുപ്പുകളോ ഇല്ലായിരുന്നു.


ആകെ ഗസ്സ മുനമ്പിന്റെ 13ശതമാനം മാത്രമുള്ള ഈ തീരദേശത്ത് രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളെ തിങ്ങിപ്പാർക്കാൻ ഇസ്രായേൽ നിർബന്ധിക്കുകയാണെന്ന് യു.എൻ പറയുന്നു. ‘കൂടാരങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ഒരാൾക്കും അടുത്തയാൾക്കും ഇടയിൽ ഇടമില്ല. നിങ്ങളുടെ അയൽക്കാരൻ ഭാര്യയോടും കുട്ടികളോടും സംസാരിക്കുന്ന ഓരോ വാക്കും നിങ്ങൾക്ക് കേൾക്കാം. ആരെങ്കിലും ടോയ്‌ലറ്റിൽ പോകുമ്പോൾ അവർ അത് ഉപയോഗിക്കുന്നത് നിങ്ങൾക്ക് കേൾക്കാം. മലിനജല സംവിധാനങ്ങൾ എവിടെ?. ശുചിത്വം എവിടെയാണ്? നമ്മൾ വെള്ളത്തിനായി നിലവിളിക്കുന്നു. പക്ഷേ, അതെല്ലാം വെറുതെയാണ്. ഇത്അറ്റമില്ലാത്ത കഷ്ടപ്പാടാണ് - അഭയാർഥിയായ ഒരാൾ കഠിന യാതനകൾ വിവരിച്ചു. 

Tags:    
News Summary - As death looms over them, Those who rush from one hell to another; Gaza reels in a manufactured humanitarian disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.