കൈറോ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിക്ക് ബദലായി 5300 കോടി ഡോളർ (4,61,468 കോടി രൂപ) ചെലവിൽ ഗസ്സ പുനർനിർമാണ പദ്ധതി അംഗീകരിച്ച് അറബ് രാജ്യങ്ങൾ. കൈറോയിൽ ചേർന്ന അറബ് ലീഗ് ഉച്ചകോടിയിലാണ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈഥ് പ്രഖ്യാപനം നടത്തിയത്.
ഫലസ്തീനികളെ പുറത്താക്കി അമേരിക്കൻ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ട്രംപിന്റെ ‘മിഡിൽ ഈസ്റ്റ് റിവേര’ പദ്ധതി തള്ളിയാണ് ഫലസ്തീനികളുടെ നാടായി ഗസ്സയെ പുനർനിർമിക്കാൻ അറബ് രാജ്യങ്ങൾ ഒരുങ്ങുന്നത്. ഹമാസിനു പകരം ഗസ്സ ഭരണം പരിഷ്കരിച്ച ഫലസ്തീൻ അതോറിറ്റി സർക്കാറിനെ ഏൽപിക്കും.
വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കൻ ജറൂസലം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണകൂടങ്ങളെ കണ്ടെത്താനും പദ്ധതിയുണ്ട്. ഘട്ടങ്ങളായി ഗസ്സയെ പുനർനിർമിക്കും. അതുവഴി ഇസ്രായേലി അധിനിവേശത്തിൽ എല്ലാം നഷ്ടമായ ഫലസ്തീനികൾക്ക് പുനരധിവാസം ഉറപ്പാക്കും. മൂന്നു ഘട്ടങ്ങളിലാകും ഗസ്സ പുനർനിർമാണം. ആദ്യ ആറു മാസം നീളുന്ന ഒന്നാം ഘട്ടത്തിൽ താൽക്കാലിക വീടുകളൊരുക്കും. നിലവിൽ ഗസ്സയിലെ 90 ശതമാനം വീടുകളും തകർക്കപ്പെട്ടതാണെന്ന് യു.എൻ പറയുന്നു. സ്കൂളുകൾ, ആശുപത്രികൾ, മലിനജല സംവിധാനങ്ങൾ, വൈദ്യുതി എന്നിവയും തകർന്ന നിലയിലാണ്. അഞ്ചു കോടി ടൺ മാലിന്യങ്ങളാണ് നീക്കാനുള്ളത്. അതേസമയം, അറബ് രാജ്യങ്ങളുടെ പദ്ധതി യു.എസ് പ്രസിഡന്റ് തള്ളി. ഗസ്സ താമസയോഗ്യമല്ലാത്ത ഭൂമിയാണെന്നും പൊട്ടാതെ കിടക്കുന്ന സ്ഫോടക വസ്തുക്കളേറെയാണെന്നുമുള്ള വസ്തുത തിരിച്ചറിയാതെയാണ് പുതിയ പ്രഖ്യാപനമെന്നാണ് ട്രംപിന്റെ പ്രതികരണം.
തെൽ അവീവ്: ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ് പദവിയൊഴിഞ്ഞ ഇസ്രായേൽ സൈനിക മേധാവി ഹിർസി ഹലെവിയുടെ പിൻഗാമിയായി ഇയാൽ സാമിർ ചുമതലയേറ്റു. ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ ഇനിയും തുടങ്ങാനാവാതെ പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് ഇയാൽ സാമിർ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.