ഗസ്സ: വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ നീക്കം

തെൽ അവീവ്: ഗസ്സയിൽ വെടിനിർത്തലും ബന്ദിമോചനവുമായി ബന്ധപ്പെട്ട ചർച്ച പുനരാരംഭിക്കാൻ നീക്കം. ഇതുസംബന്ധിച്ച് ഇസ്രായേൽ പ്രതിനിധി സംഘത്തിന് യുദ്ധകാല മന്ത്രിസഭ നിർദേശം നൽകിയതായി ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു.

എന്തൊക്കെയാണ് നിർദേശമെന്നും എങ്ങനെയാണ് ചർച്ച മുന്നോട്ടുപോവുകയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. കഴിഞ്ഞ മാസം ഈജിപ്തിലെ കൈറോയിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഈജിപ്തും ഖത്തറും അമേരിക്കയുമായി കൂടിയാലോചിച്ച് സമർപ്പിച്ച മൂന്നുഘട്ട വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേൽ തള്ളി. തീവ്ര വലതുപക്ഷം മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ ഇസ്രായേൽ പ്രധാനമന്ത്രി പിൻവാങ്ങുകയായിരുന്നു.

ബന്ദിമോചനം സാധ്യമാകാത്തത് ഇസ്രായേലികനത്ത് ഭരണകൂടത്തിന് കനത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ഇസ്രായേലിനെ ചർച്ചകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പ്രധാന കാരണം ഇതാണ്. ബന്ദികളിൽ നിരവധിപേർ ഇസ്രായേലിന്റെ തന്നെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ബന്ദികളുടെ ബന്ധുക്കൾ രാജ്യത്ത് റോഡ് ഉപരോധിക്കുന്നത് ഉൾപ്പെടെ പ്രക്ഷോഭവുമായി രംഗത്തുണ്ട്. ആക്രമണം തുടരുന്നതിനനുസരിച്ച് അന്താരാഷ്ട്രതലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുകയുമാണ്.

സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ കഴിഞ്ഞ ദിവസം ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയത് ഫലസ്തീന് അനുകൂലമായി വളരുന്ന പൊതുബോധത്തിന്റെ ഒടുവിലെ ഉദാഹരണമാണ്. യു.എസിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും കാമ്പസുകളിൽ ഫലസ്തീന് അനുകൂലമായി അലയടിക്കുന്ന സമരാരവവും സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

പൂർണമായ വെടിനിർത്തലും സേനാ പിന്മാറ്റവും കൂടാതെ ബന്ദിമോചനം സാധ്യമാവില്ലെന്നാണ് ഹമാസ് നിലപാട്. ഘട്ടംഘട്ടമായി വെടിനിർത്തലും ബന്ദി മോചനവും എന്ന നിർദേശത്തിന് ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Gaza: Move to resume ceasefire talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.