വെടിനിർത്തലിന് അരികെയായിട്ടും വെടിയൊച്ചകൾ നിലക്കാതെ ഗസ്സ

ഗസ്സസിറ്റി: നാലുദിവസത്തെ വെടിനിർത്തൽ അരികെയായിട്ടു പോലും വെടിയൊച്ചകൾ നിലക്കാതെ ഗസ്സ. ഗസ്സയുടെ പല ഭാഗങ്ങളിലും ഇസ്രായേൽ കനത്ത ഷെല്ലാക്രമണവും വ്യോമാക്രമണവും തുടരുകയാണ്. ശൈഖ് റദ്‍വാനിൽ 10 പേരാണ് ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചക്കകം ബന്ദികളാക്കിയ ഫലസ്തീനികളെ മോചിപ്പിക്കില്ലെന്നാണ് ഇസ്രായേലിന്റെ പ്രഖ്യാപനം. ഖത്തറിന്റെ മാധ്യസ്ഥത്തിൽ നടന്ന വെടിനിർത്തൽ കരാറിൽ ബന്ദികളെ ഇരുപക്ഷവും മോചിപ്പിക്കാൻ ധാരണയായിരുന്നു.

അതിനിടെ, ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയുടെ ഡയറക്ടറെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. തുടർന്ന് ആശുപത്രിയിൽ നിന്ന് പരിക്കേറ്റവരെയും രോഗികളെയും ഒഴിപ്പിക്കുന്ന നടപടി നിർത്തിവെച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകാരോഗ്യസംഘടനയുമായി ​ചേർന്നാണ് ഒഴിപ്പിക്കൽ നടപടി പുരോഗമിച്ചിരുന്നത്.

ബന്ദികളാക്കിയ ഫലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇനി അഥവാ മോചിപ്പിച്ചാൽ തന്നെ അവരെ ഉടൻ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതാണ് കാലങ്ങളായി ഗസ്സയിൽ കണ്ടുകൊണ്ടിരിക്കുന്നതും.

ഗസ്സയിൽ ഇസ്രായേൽ ആ​ക്രമണം തുടങ്ങിയതിനു ശേഷം ഇതുവരെ 14000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 7200 പേർ ഇസ്രായേലിലെ ജയിലുകളിൽ കഴിയുന്നുണ്ട്. ഈ തടവുകാരിൽ മൂന്നിലൊന്നു പേരെയും യുദ്ധം തുടങ്ങിയതിനു ശേഷമാണ് പിടികൂടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നടത്തിയ റെയ്ഡിൽ 90 പേരെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഫലസ്തീനികൾക്ക് ഒരിക്കലും പൂർണ സ്വാതന്ത്ര്യം ഇസ്രായേൽ ഉറപ്പുനൽകില്ലെന്നാണ് ഇത് നൽകുന്ന സൂചന. ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസിനെ പിന്തുണക്കുന്നതിന് തുല്യമാണെന്നാണ് ഇസ്രായേലിന്റെ നയം.


Tags:    
News Summary - Gaza is on the brink of a cease fire but the firing continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.