വടക്കൻ ഗസ്സയിൽ കെട്ടിടാവശിഷ്ടങ്ങൾക്ക് മുന്നിൽ ഭക്ഷണ പൊതിക്കായി കാത്തുനിൽക്കുന്നവർ

200 നാൾ പിന്നിട്ട് ഗസ്സ വംശഹത്യ

ഗസ്സ സിറ്റി: ഗസ്സയിൽ വംശഹത്യ ലക്ഷ്യമിട്ട് ഇസ്രായേൽ തുടരുന്ന മഹാകുരുതി 200 നാൾ പിന്നിട്ട് തുടരുന്നു. മരണം 36,000 പിന്നിട്ട ഗസ്സയെ കൂടുതൽ ചോരയിൽ മുക്കാൻ റഫയിലും കരയാക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുകയാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്. അത്യുഗ്രശേഷിയുള്ള 75,000 ടൺ സ്ഫോടക വസ്തുക്കൾ ഇതിനകം വർഷിച്ചുകഴിഞ്ഞ തുരുത്തിൽ 3,80,000 വീടുകൾ മണ്ണോടുചേർന്നുകഴിഞ്ഞു.

സ്കൂളുകളും യൂനിവേഴ്സിറ്റികളുമായി 412 സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. 556 മസ്ജിദുകൾ, മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങൾ, 206 പൈതൃക സ്ഥാപനങ്ങൾ എന്നിവയും തകർത്തവർ 32 ആശുപത്രികൾ, 53 ചെറുകിട ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും ഇല്ലാതാക്കി. 126 ആംബുലൻസുകളാണ് ബോംബുകളെടുത്തത്. ആശുപത്രികൾ തകർത്തവർ ഗസ്സ സിറ്റിയിലെ ഒരു ആശുപത്രി സൈനിക താവളമായി പരിവർത്തിപ്പിക്കുകയും ചെയ്തു. തുർക്കി-ഫലസ്തീൻ ഫ്രണ്ട്ഷിപ് ആശുപത്രിയാണ് കഴിഞ്ഞ നവംബർ അവസാനം മുതൽ ഇസ്രായേൽ സൈനിക താവളമായി മാറിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സമീപനാളുകളിലെ ഏറ്റവും ശക്തമായ ബോംബിങ്ങാണ് ഇസ്രായേൽ നടത്തിയത്. ജബലിയ, ബയ്ത് ഹാനൂൻ, ഗസ്സ സിറ്റിയിലെ സെയ്തൂൻ എന്നിവിടങ്ങളിലെല്ലാം ബോംബുകൾ മരണവുമായി എത്തി. ബയ്ത് ലാഹിയയിൽ ഒരു മസ്ജിദ് തകർത്തു. ഖാൻ യൂനുസിലെ നാസർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽനിന്ന് 310 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിലെ രണ്ട് സൈനിക താവളങ്ങളിൽ ഹിസ്ബുല്ല ആക്രമണം നടത്തി.

ഇസ്രായേൽ ഒരുക്കങ്ങൾ തകൃതി: റഫയിൽ സൈനിക നീക്കം ഉടൻ?

റഫ: 14 ലക്ഷത്തിലേറെ ഫലസ്തീനികൾ തമ്പുകളിലും മറ്റുമായി തിങ്ങിക്കഴിയുന്ന റഫയിൽ കരയാക്രമണത്തിന് ഇസ്രായേൽ സേനാവിന്യാസം അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്. മനുഷ്യദുരന്തമാകുമെന്ന് ലോകം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പിൻവാങ്ങാനില്ലെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അവസാനവട്ട ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാകുന്നത്. ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ഇസ്രായേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോർട്ടുകൾ പറയുന്നു. രണ്ടു താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങളുള്ളതായി അൽജസീറ റിപ്പോർട്ട് പറയുന്നു. വടക്കൻ അതിർത്തിയോട് ചേർന്ന് 120 വാഹനങ്ങളും നെഗേവ് മരുഭൂമിക്കരികെ 700 വാഹനങ്ങളുമാണുള്ളത്. ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഗസ്സക്ക് പുറത്തായി ഒമ്പത് സൈനിക പോസ്റ്റുകൾ ഇസ്രായേൽ തയാറാക്കിയിട്ടുണ്ട്. മൂന്നെണ്ണം കഴിഞ്ഞ വർഷാവസാനവും അവശേഷിച്ച ആറെണ്ണം ജനുവരി- മാർച്ച് മാസങ്ങളിലുമാണ്.

ഗസ്സയിൽ ഉടനൊന്നും സൈനിക നീക്കം അവസാനിപ്പിക്കൽ ഇസ്രായേൽ പരിഗണനയിലില്ലെന്ന സൂചന നൽകുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. ഇസ്രായേലിന് 2600 കോടി ഡോളറിന്റെ സൈനിക സഹായം യു.എസ് പാസാക്കിയിരുന്നു. രണ്ടു ലക്ഷം കോടി രൂപയിലേറെ വിലവരുന്ന ആയുധങ്ങളും അനുബന്ധ സൗകര്യങ്ങളും പുതുതായി യു.എസ് വക എത്തുന്നത് ഗസ്സയെ കൂടുതൽ ചാരമാക്കാൻ സഹായിക്കുമെന്നുറപ്പ്. അതേസമയം, റഫ ആക്രമിക്കുന്നതിനെതിരെ അമേരിക്കതന്നെ ശക്തമായി രംഗത്തുണ്ട്. ഇവിടെയുള്ള സാധാരണക്കാർ കൂട്ടമായി വംശഹത്യക്കിരയാകുമെന്ന ആശങ്കയാണ് ലോകത്തെ മുൾമുനയിൽ നിർത്തുന്നത്. ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 18ന് യു.എസ്- ഇസ്രായേൽ ഉദ്യോഗസ്ഥ നേതൃത്വം തമ്മിൽ കണ്ടിരുന്നു. സൈനിക നീക്കത്തിന് യു.എസ് പിന്തുണ പ്രഖ്യാപിച്ചതായി ഇതിനു പിന്നാലെ വാർത്തകളും വന്നു. സിറിയയിൽ കോൺസുലേറ്റ് തകർത്തതിന് മറുപടിയായി ഇസ്രായേലിൽ ഇറാൻ ആക്രമണവും അതിന് പ്രതികാരമായി ഇറാനിൽ ഇസ്രായേൽ ആക്രമണവും നടന്നത് അവസരമാക്കിയാണ് റഫയിൽ കുരുതിക്ക് ഇസ്രായേൽ ഒരുങ്ങുന്നത്.

Tags:    
News Summary - Gaza genocide surpasses 200 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.