ജേക് വുഡ്
വാഷിങ്ടൺ: ഗസ്സയിൽ മാനുഷിക സഹായ വിതരണം പുനരാരംഭിക്കാനിരിക്കെ യു.എസിന്റെയും ഇസ്രായേലിന്റെയും നേതൃത്വത്തിലുള്ള ഏജൻസിയുടെ തലവൻ രാജിവെച്ചു. ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ജേക് വുഡ് ആണ് ഞായറാഴ്ച അപ്രതീക്ഷിതമായി രാജിവെച്ചത്. മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക തത്ത്വങ്ങൾ ലംഘിക്കാൻ കഴിയാത്തതിനാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ സഹായം വിതരണം പുനരാരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി. രാജി തീരുമാനത്തിൽ നിരാശയുണ്ടെന്നും എന്നാൽ, സഹായ വിതരണവുമായി മുന്നോട്ടുപോകുമെന്നും ഫൗണ്ടേഷൻ അറിയിച്ചു. ഗസ്സ ഫൗണ്ടേഷനുമായി സഹകരിക്കില്ലെന്ന് യു.എൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഫൗണ്ടേഷൻ ലംഘിക്കുമെന്നായിരുന്നു യു.എൻ ഉന്നയിച്ച പ്രധാന ആശങ്ക.ഫൗണ്ടേഷന്റെ പ്രവർത്തനത്തെക്കുറിച്ച് അന്താരാഷ്ട്ര വിമർശനം ശക്തമായിരിക്കെയാണ് തലവൻ രാജിവെക്കുന്നത്. ആദ്യത്തെ 90 ദിവസം 300 ദശലക്ഷം ഭക്ഷണം വിതരണം ചെയ്യാനായിരുന്നു ഫൗണ്ടേഷൻ പദ്ധതി. ഗസ്സയിൽ ഉപരോധം കാരണം ലക്ഷക്കണക്കിന് പേർ കൊടും പട്ടിണിയിലായതോടെ ഇസ്രായേൽ ശക്തമായ പ്രതിഷേധം നേരിട്ട പശ്ചാത്തലത്തിലാണ് ഫൗണ്ടേഷൻ രൂപവത്കരിച്ചത്.
ദേർ അൽ ബലാഹ്: കിഴക്കൻ ജറൂസലമിലെ ഓഫിസ് വളപ്പിൽ ഇസ്രായേലി പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു. ഇസ്രായേൽ പാർലമെന്റ് അംഗം യൂലിയ മലിനോസ്കി അടക്കം 12 ഓളം പ്രതിഷേധക്കാരാണ് തിങ്കളാഴ്ച ബലപ്രയോഗത്തിലൂടെ അതിക്രമിച്ചു കടന്നത്. യു.എൻ.ആർ.ഡബ്ല്യു.എ വെസ്റ്റ് ബാങ്ക് കോഓഡിനേറ്റർ റോളണ്ട് ഫ്രീഡ്റിച്ചാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തെക്കുറിച്ച് ഇസ്രായേൽ പൊലീസ് പ്രതികരിച്ചിട്ടില്ല. യു.എൻ.ആർ.ഡബ്ല്യു.എ പ്രവർത്തനം ഇസ്രായേലിൽ നിരോധിക്കുന്നതിനെ പാർലമെന്റിൽ പിന്തുണച്ച അംഗമാണ് മലിനോസ്കി. ഗസ്സ മുനമ്പിലെ ഏറ്റവും വലിയ മാനുഷിക സഹായ വിതരണക്കാരായ യു.എൻ.ആർ.ഡബ്ല്യു.എയിൽ ഹമാസ് പ്രവർത്തകരാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം യു.എൻ.ആർ.ഡബ്ല്യു.എ നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.