കടലിൽ മീൻ പിടിക്കുന്ന ഫലസ്തീനി മത്സ്യത്തൊഴിലാളി
ഗസ്സ: ‘എന്റെ മക്കളുടെ വിശപ്പകറ്റണം. തോക്കും ഷെല്ലും ബോംബുമായി ഇസ്രായേൽ സൈന്യം പിന്നാലെയുണ്ട്. എന്റെ ജീവൻ പോയാലും ശരി ഞാൻ കടലിൽ പോകും, മീൻ പിടിക്കും. കാരണം എന്റെ മക്കളുടെ വിശപ്പകറ്റുക എന്നത് എന്റെ ജീവനേക്കാൾ വലുതാണ്’ -പിഞ്ചുമക്കളെ ഇസ്രായേൽ പട്ടിണിക്കിട്ട് കൊല്ലുന്ന മണ്ണിലിരുന്ന് മത്സ്യത്തൊഴിലാളിയായ ജലാൽ ഖറാൻ പറഞ്ഞു. താൻ കൊല്ലപ്പെട്ടാലും ശരി, തന്റെ മക്കളെ പട്ടിണിമരണത്തിന് വിട്ടുകൊടുക്കാനാവില്ലെന്ന ഒരു പിതാവിന്റെ ഉറച്ച തീരുമാനമാണ് ആ വാക്കുകൾക്ക് പിന്നിൽ.
ബോംബിട്ടും വെടിവെച്ചും വീടുതകർത്തും ഫലസ്തീനി കുഞ്ഞുങ്ങളെ കൊന്നുതീർക്കുന്ന ഇസ്രായേൽ അധിനിവേശ സേന, പട്ടിണി കിടത്തുക എന്നത് കൊല്ലാക്കൊലക്കുള്ള പുതിയ ആയുധമാക്കിയിരിക്കുകയാണ്. ആശുപത്രികളിലും വീടുകളിലും വിശന്നുമരിക്കുന്ന, മരണത്തോട് മല്ലടിക്കുന്ന കുരുന്നുകളുടെയും പ്രായമായവരുടെയും എണ്ണം ഗസ്സയിൽ നാൾക്കുനാൾ വർധിച്ചുകരികയാണെന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ കൂട്ടാളിയായ അമേരിക്ക തന്നെ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് കഴിഞ്ഞ ദിവസം അവർ ഭക്ഷ്യ വസ്തുക്കൾ വിമാനത്തിൽനിന്ന് എയർഡ്രോപ്പ് ചെയ്തിരുന്നു. പട്ടിണിമരണം ഭീതിദമായ യാഥാർഥ്യമാണെന്ന് യുനിസെഫ് വക്താവ് ജെയിംസ് എൽഡറും അടിവരയിട്ടുപറയുന്നു.
കുടുംബത്തെ പോറ്റാൻ ഇസ്രായേൽ നാവികസേനയുടെ വെടിവെപ്പിനെ ധൈര്യത്തോടെ നേരിടാനുറച്ചാണ് ജലാൽ ഖറാൻ അടക്കമുള്ള മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങുന്നത്. യുദ്ധത്തിന് മുമ്പ് തന്റെ ചെറിയ ബോട്ടിൽ ഇദ്ദേഹം ദീർഘദൂരം സഞ്ചരിച്ച് മീൻപിടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇസ്രായേൽ അധിനിവേശ സേനയുടെ കണ്ണുവെട്ടിച്ച് ചെറിയ ദൂരം മാത്രമാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
“ഞങ്ങൾ പുറത്തുപോകാൻ ശ്രമിക്കുമ്പോൾ വെടിയൊച്ചകളും ഷെല്ലുകളും ബോംബുകളും ഉപയോഗിച്ച് ഞങ്ങളെ വളയും. ഇതുകാരണം വെള്ളത്തിൽ ഇറങ്ങുന്നത് തന്നെ അപകടകരമാണ്. എല്ലാദിവസവും അവർ നമ്മളെ ലക്ഷ്യമിട്ട് വരും. ഇതെല്ലാം ഭയം ജനിപ്പിക്കുന്നതാണ്. എങ്കിലും എന്റെ കുട്ടികളുടെ ജീവൻ നിലനിർത്താൻ ഞാൻ കടലിൽ പോകും. നേരത്തെ ഇഷ്ടം പോലെ മീൻ കിട്ടിയിരുന്നു. റമദാനിൽ നോമ്പെടുത്ത് കൊണ്ടാണ് ഞാൻ പോകുന്നത്. ഒന്നോ രണ്ടോ കിലോ മീൻ മാത്രമാണ് ഇപ്പോൾ കിട്ടുന്നത്’ -അദ്ദേഹം റോയിട്ടേഴ്സ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.