ഗസ്സ സിറ്റി: ആകാശത്ത് നിന്ന് ഇസ്രായേൽ ബോംബറുകൾ തീമഴ പെയ്യിക്കുമ്പോൾ, എങ്ങനെയാണ് സുരക്ഷിത പാത കണ്ടെത്തുകയെന്ന് ഗസ്സയിലെ ഫലസ്തീനികൾ. അതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയന്ന് കഴിയുകയാണ് ആ ജനങ്ങൾ. ഇസ്രായേൽ വ്യോമാക്രമണത്തിൽ നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്കു ശേഷമുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 70 പേരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണം തുടരുമ്പോഴും രണ്ട് റോഡുകൾ സുരക്ഷിതമാണെന്നും ഇതു വഴി ഫലസ്തീനികൾക്ക് രക്ഷപ്പെടാമെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം. 2.3 ദശലക്ഷം ആളുകൾ കുടുങ്ങിക്കിടക്കുന്ന ജനത്തിരക്കേറിയ എൻക്ലേവിലെ പ്രധാന പാതയായ സലാഹ് അൽ ദിൻ റോഡിലായിരുന്നു ഇസ്രായേലിന്റെ ആക്രമണം. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് വിവിധ സന്നദ്ധസംഘടനകൾ സാക്ഷ്യപ്പെടുത്തുന്നു. 24 മണിക്കൂറിനകം ഗസ്സ വിടണമെന്ന അന്ത്യശാസനത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെയാണ് പിന്തുടർന്ന് ഇസ്രായേൽ വേട്ടയാടിയത്. വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ ഗസ്സയിലേക്കായിരുന്നു കൂട്ടപ്പലായനം.
സലാഹ് അൽ ദിൻ റോഡും ഗസ്സ മുനമ്പിന്റെ തീരദേശ ഹൈവേയും സുരക്ഷിത പാതകളായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് (ഐ.ഡി.എഫ്) അംഗീകരിച്ചിട്ടുണ്ട്. ഇതു വഴി രക്ഷപ്പെടാൻ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് സന്ദേശം കൈമാറുന്നത്. അതേസമയം, ചുരുങ്ങിയ സമയത്തിനുള്ളിൽ കൂട്ടമായി ആളുകളെ ഒഴിപ്പിക്കാൻ സാധ്യമല്ലെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 2200 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1300 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.