ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ അലമാരയിൽ ഐ.ഡി.എഫ് ടീ ഷർട്ട് ; കേസിന്റെ വ്യാപ്തിയേറ്റുന്ന സൂചനകൾ

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ അലമാരയിൽ നിന്ന് ഇസ്രായേൽ അധിനിവേശ സേനയുടെ ടീ ഷർട്ട് കണ്ടെത്തി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. എപ്സ്റ്റീൻ കേസ് ഒരൊറ്റയാളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വളരെ വലിയ നെറ്റ്‌വർക്കുകളുടെ ഭാഗമാണെന്നുമുള്ള പുതിയ സൂചനകൾ ആണ് ഇതോടെ പുറത്തുവരുന്നത്.

ഇസ്രായേൽ അധിനിവേശ സേനയുടെ ലോഗോ പതിച്ച ഒരു സ്വെറ്റ് ഷർട്ട് ധരിച്ച് എപ്സ്റ്റീനും ഇയാളു​ടെ ബട്ട്ലർ വാൾഡ്സൺ വിയേര കോട്രിനും സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യവെ എടുത്ത ചിത്രം മാസങ്ങൾക്കു മുമ്പ് പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങൾ എല്ലാം എപ്സ്റ്റീന്റെ ബന്ധങ്ങളെക്കുറിച്ചും ഇയാളുടെ വസ്ത്രധാരണത്തിനു പിന്നിലെ സാധ്യതകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. പ്രത്യേകിച്ച് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെത്തന്നെയുള്ള അഭ്യൂഹങ്ങളെ സ്ഥിരീകരിക്കുന്ന തരത്തിലുള്ളവയാണിവ.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം സ്ത്രീകളെ കടത്തിക്കൊണ്ടുപോയി അമേരിക്കൻ രഹസ്യ ദ്വീപിൽ വെച്ച് പല ഉന്നതർക്കും കാഴ്ചവെച്ച പീഡനക്കേസിൽ പ്രതിയാണ് യു.എസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ. യു.എസ് കോൺഗ്രസ് പുറത്തുവിട്ട വിവാദമായ എപ്സ്റ്റീൻ ഫയലിൽ ഡോണൾഡ് ട്രംപ്, ഇലോൺ മസ്ക്, ആൻഡ്രൂ രാജകുമാരൻ തുടങ്ങിയ ഉന്നതരുടെയടക്കം പേരുകൾ ഉണ്ട്. ലൈംഗിക കുറ്റകൃത്യ കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ വെച്ച് എപ്സറ്റീൻ ജീവനൊടുക്കിയെന്ന റി​പ്പോർട്ട് പുറത്തു വന്നിരുന്നു.


അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി എപ്സ്റ്റീൻ പങ്കുവെച്ച മെയിലുകൾ ഉൾ​പ്പടെ 20,000ത്തിലധികം രേഖകൾ ഡെമോക്രാറ്റ് അംഗങ്ങൾ ഇതിനിടെ പുറത്തുവിട്ടിരുന്നു. ട്രംപിനെക്കുറിച്ച് എപ്സ്റ്റീൻ സംസാരിച്ച ഇ മെയിലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉൾപ്പെടുന്ന രേഖകളാണ് പുറത്തുവിട്ടത്.

വർഷങ്ങളായി ട്രംപും എപ്സ്റ്റീനും അടുത്ത ബന്ധത്തിലായിരുന്നുവെന്നും വിവാദ കേസിൽ ട്രംപിന് ബന്ധമുണ്ടെന്നും നിരവധി തവണ ആരോപണവുമുയർന്നിരുന്നു. എന്നാൽ ഇവയെല്ലാം ട്രംപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.

എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടൻ ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേര് എടുത്തുകളയുകയും കൊട്ടാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - IDF T-shirt found on sex offender Jeffrey Epstein's closet; hints at wider investigation into the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.