ഇംറാൻ ഖാൻ (ഫയൽചിത്രം)
ഇസ്ലാമാബാദ്∙ തോഷഖാന അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കും അഴിമതി വിരുദ്ധ കോടതി 17 വർഷം വീതം തടവുശിക്ഷ വിധിച്ചു. 2021ൽ സൗദി അറേബ്യൻ സർക്കാരിൽനിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങൾ കൈകാര്യം ചെയ്തതിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. റാവൽപിണ്ടിയിലെ അതിസുരക്ഷാ ജയിലായ അദിയാലയിൽ പ്രത്യേക കോടതി ജഡ്ജി ഷാറുഖ് അർജുമന്താണ് വിധി പ്രസ്താവിച്ചത്. പാകിസ്താൻ പീനൽ കോഡിലെ 409-ാം വകുപ്പ് (വിശ്വാസവഞ്ചന) പ്രകാരം പത്തുവർഷം കഠിനതടവും, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴുവർഷത്തെ തടവുമാണ് ഇരുവർക്കും വിധിച്ചത്. ഇരുവരും 16.4 ദശലക്ഷം പാകിസ്താൻ രൂപ വീതം പിഴയായും ഒടുക്കണം.
വിലകൂടിയ വാച്ചുകൾ, വജ്രം, സ്വർണാഭരണങ്ങൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ തോഷഖാനയിൽ (സമ്മാനപ്പുര) നിക്ഷേപിക്കാതെ മറിച്ചുവിറ്റു എന്നാരോപിച്ച് 2024 ജൂലൈയിലാണ് കേസ് ഫയൽ ചെയ്തത്. ഈ കേസിൽ ബുഷ്റ ബീബിക്ക് 2024 ഒക്ടോബറിലും ഇംറാൻ ഖാന് തൊട്ടടുത്ത മാസവും ഇസ്‌ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. മറ്റൊരു കേസിൽ ഇരുവരും അദിയാല ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് പുതിയ വിധി വരുന്നത്. ശിക്ഷാ വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാം.
നേരത്തെ തോഷഖാന അഴിമതി കേസിൽ ഇസ്‍ലാമാബാദ് ഹൈകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കലാപാഹ്വാനത്തിന് റാവൽപിണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇംറാനെ അറസ്റ്റ് ചെയ്തത്. രണ്ട് ഡസനിലേറെ കേസുകളിൽ കൂടി ജാമ്യം ലഭിച്ചാലേ ഇംറാനു ജയിലിൽ നിന്നിറങ്ങാനാവൂ. മുൻ പ്രധാനമന്ത്രിക്കെതിരെ ഇസ്‍ലാമാബാദിൽ 62ഉം ലഹോറിൽ 54ഉം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിലിൽ കസ്റ്റഡിയിൽ കഴിയുമ്പോൾ സെപ്റ്റംബർ 28ന് ഇംറാൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഭവത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. പിന്നാലെ അരങ്ങേറിയ ബഹുജന പ്രക്ഷോഭത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് അക്രമങ്ങൾ അരങ്ങേറി. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തെന്നും അധികൃതർ പറയുന്നു.
തനിക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഇംറാൻ ഖാനും അദ്ദേഹത്തിന്‍റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫും (പി.ടി.ഐ) ആവർത്തിച്ച് അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അദ്ദേഹത്തെ ദുർബലപ്പെടുത്താനുള്ള പ്രചാരണത്തിന്‍റെ ഭാഗമാണ് നിയമനടപടികളെന്ന് പി.ടി.ഐ വാദിക്കുന്നു. രണ്ട് വർഷത്തിലേറെയായി തടവിൽ കഴിയുകയാണ് ഇംറാൻ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.