വാഷിങ്ടൺ: സിറിയയിൽ വ്യാപകമായ ആക്രമണത്തിന് ഉത്തരവിട്ടുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് യു.എസ് സൈനികർ സിറിയയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഐ.എസിനെതിരായ യുദ്ധം കടുപ്പിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. നോർത്ത് കരോളിനയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം.
അതേസമയം, ട്രംപിന്റെ നിർദേശപ്രകാരം സിറിയയിൽ യു.എസ് വ്യാപക ആക്രമണങ്ങൾ നടത്തുകയാണെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. ബാദിയ മരുഭൂമി കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ നടത്തുന്നത്. സിറിയൻ ഭരണകൂടത്തിന്റെ പിന്തുണ ആക്രമണങ്ങൾക്ക് ഉണ്ടെന്ന അവകാശവാദവുമായി ട്രംപ് രംഗത്ത് വന്നിട്ടുണ്ട്.
70ലധികം ഐ.എസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. എഫ്-15 ഈഗിൾ യുദ്ധവിമാനങ്ങളും തണ്ടർബോൾട്ട് ഹെലികോപ്റ്ററുകളും എ.എച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജോർഡനിൽനിന്നുളള എഫ് -16 യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. ഇത് യുദ്ധത്തിെന്റ തുടക്കമല്ലെന്നും പ്രതികാരമാണെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേ പറഞ്ഞു.
അമേരിക്കൻ സൈനികർക്കുനേരെയുണ്ടായ ആക്രമണത്തിന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചിരുന്നു. ഐ.എസ് ഭീകരരെ തുടച്ചുനീക്കാനുള്ള ദൗത്യത്തിൽ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷരായുടെ പിന്തുണയുണ്ടെന്നും ട്രംപ് പറഞ്ഞു.
ഡിസംബര്‍ 13ന് സിറിയയിലെ പാല്‍മിറ നഗരത്തില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ രണ്ട് യു.എസ് സൈനികരും ഒരു യു.എസ് സിവിലിയനും കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ പ്രസിഡന്റിന്റെ നിയന്ത്രണമില്ലാത്ത മേഖലയിലാണ് ഐ.എസ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.